മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ അംഗത്വം നേടി ബോളിവുഡ് താരം ഗോവിന്ദ. വീണ്ടും രാഷ്‌ട്രീയത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദ പ്രതികരിച്ചു.
“ശിവസേനയിൽ അംഗത്വം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു. 14 വർഷത്തിന് ശേഷമാണ് വീണ്ടും രാഷ്‌ട്രീയത്തിൽ എത്തുന്നത്. ഇനി രാഷ്‌ട്രീയത്തിലേക്ക് ഒരു മടങ്ങിവരവ് വേണ്ടെന്ന് കരുതിയിരുന്നു. എന്നാൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മുംബൈ നഗരം കൂടുതൽ പുരോഗതി നേടിയതായി കാണാൻ കഴിഞ്ഞു. രാഷ്‌ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് ഇതൊരു കാരണമായി”, ഗോവിന്ദ പറഞ്ഞു.
മുംബൈയിലെ ബാലാസാഹേബ് ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഷിൻഡെയിൽ നിന്നാണ് താരം പാർട്ടി അംഗത്വം സ്വന്തമാക്കിയത്. ഒരിടവേളയ്‌ക്ക് ശേഷം രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന ഗോവിന്ദ മുബൈ നോർത്ത് വെസ്റ്റിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന.
ഷിൻഡെയ്ക്കു മുൻപ് സേന വക്താവ് കൃഷ്ണ ഹെഗ്‌ഡെയും ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു നടൻ ഔദ്യോഗികമായി ശിവസേനയിൽ അംഗത്വമെടുത്തത്.
നേരത്തെ കോൺഗ്രസിൽ അംഗമായിരുന്നു ഗോവിന്ദ. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്തിൽ മത്സരിച്ചു ജയിക്കുകയും ചെയ്തു. മുതിർന്ന ബി.ജെ.പി നേതാവ് രാം നായികിനെയാണ് അന്ന് അദ്ദേഹം തോൽപിച്ചത്. പിന്നീട് കോൺഗ്രസുമായി വഴിപിരിയുകയും 2009ലെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുകയുമായിരുന്നു.