ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതിയിൽ സ്വയം വാദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. താന്‍ എന്തുകൊണ്ട് പ്രതിയായി എന്ന കാര്യമാണ് പ്രധാനമായും കേജ്‌രിവാള്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.ഇ.ഡി അഭിഭാഷകനുമായി ശക്തമായ വാദമാണ് ഡൽഹി മുഖ്യമന്ത്രി ഇന്ന് കോടതിയിൽ നടത്തിയത്. അദ്ദേഹത്തിൻ്റെ ഭാര്യ സുനിതയും ഡൽഹി മന്ത്രിസഭയിലെ സഹപ്രവർത്തകരായ അതിഷിയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായും കോടതിയില്‍ എത്തിയിരുന്നു.
കേജ്‌രിവാള്‍ കോടതിയിൽ പറഞ്ഞത്
ഞാന്‍ എന്തുകൊണ്ട് ഈ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കോടതിയില്‍ പറയാം. ഈ കേസിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ഒരു കോടതിയും എന്നെ കുറ്റക്കാരനായി കണ്ടിട്ടില്ല. എനിക്കെതിരെ ഒരു കേസും ഇല്ല. ഇപ്പോള്‍ ഇ.ഡിയും സിബിഐയും അവരുടെ പേജുകള്‍ പൂരിപ്പിച്ചു. എന്റെ സാന്നിധ്യത്തില്‍ എന്റെ വീട്ടില്‍ വച്ച് ചില രേഖകള്‍ കൈമാറിയിരുന്നു. നൂറിലേറെ എംഎല്‍എമാരും വിശിഷ്ട വ്യക്തികളും അവിടെ ഉണ്ടായിരുന്നു. അവര്‍ എന്തൊക്കെയാണ് കൈമാറിയതെന്ന് താന്‍ എങ്ങനെയാണ് അറിയുന്നത്? എന്നെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകളാണോ ഇത്.
മന്‍ഗുട്ട റെഡ്ഡി എന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ട്രസ്റ്റിന് ഭൂമി ലഭിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ പിന്നീട് അദ്ദേഹം മൊഴി മാറ്റി എന്റെ പേര് പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ മകന്‍ ജയില്‍ മോചിതനായി. അദ്ദേഹത്തിന്റെ നിലപാട് മാറ്റം എന്തുകൊണ്ട് പരിശോധിക്കുന്നില്ല. എന്തുകൊണ്ടാണ് അക്കാര്യം മറയ്ക്കാന്‍ ശ്രമിക്കുന്നു?
മദ്യ അഴിമതി 100 കോടി രൂപയുടെതാണെന്ന് പറയുന്നു. എന്നാല്‍ ആ പണം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റീസ് ഖന്ന പറഞ്ഞിട്ടുണ്ട്. ഇഡിയുടെ അന്വേഷണം വന്നതിനു ശേഷമാണ് യഥാര്‍ത്ഥ മദ്യ അഴിമതി ആരംഭിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇഡിയുടെ ലക്ഷ്യം
സാമ്പത്തി ക്രമക്കേട് ബന്ധപ്പെട്ടിരിക്കുന്നത് ബിജെപിയുമായാണ്. ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കി. അതില്‍ 50 കോടി താന്‍ അറസ്റ്റിലായ ശേഷമാണ് നല്‍കിയത്. ഇതിന് തെളിവുകളുണ്ട്. അതില്‍ അന്വേഷണം വേണം.
കേജ്‌രിവാള്‍ ഗ്യാലറിയിലിരുന്ന് കളിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയിൽ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണങ്ങളെല്ലാം കേന്ദ്ര ഏജൻസി എതിര്‍ത്തു. കേജ്‌രിവാള്‍ കോടതി നടപടികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇഡി ആരോപിച്ചു.
ഇഡിയുടെ വാദം
അന്വേഷണത്തിന്റെ ഘട്ടത്തില്‍ എങ്ങനെയാണ് കുറ്റം ചുമത്താന്‍ കഴിയുക. എങ്ങനെയാണ് ഇത് യോജിക്കുന്നത്. ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ കേജ്‌രിവാളിന്റെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേജ്‌രിവാള്‍ ഗ്യാലറിയില്‍ ഇരുന്ന് കളിക്കാന്‍ ആഗ്രഹിക്കുകയാണ്. മദ്യനയത്തില്‍ കെജ്‌രിവാളിന്റെ വ്യക്തിപരമായ ഇടപെടല്‍ വ്യക്തമാണ്.
എഎപി കണ്‍വീനര്‍ എന്ന നിലയില്‍ സമാഹരിച്ച പണം അദ്ദേഹം ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. അത് സംബന്ധിച്ച് പല മൊഴികളുമുണ്ട്. ചിലര്‍ പണം ബിജെപിക്ക് നല്‍കിയെന്ന് അദ്ദേഹം പറയുന്നു. ഞങ്ങള്‍ മദ്യനയ അഴിമതിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ആരെങ്കിലും ആര്‍ക്കെങ്കിലും പണം നല്‍കിയാല്‍ അതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മദ്യനയവും ഇലക്ട്രല്‍ ബോണ്ടുമായി ഒരു ബന്ധവുമില്ല.
ഒരു മുഖ്യമന്ത്രി നിയമത്തിന് മുകളിലല്ല. അദ്ദേഹം കുറ്റക്കാരനാണ്. നിയമത്തിനു മുന്നില്‍ മുഖ്യമന്ത്രിക്ക് വ്യത്യാസമൊന്നുമില്ല. അദ്ദേഹം ഒരു സാധാരണക്കാരനാണ്. അദ്ദേഹം മുഖ്യമന്ത്രി ആയതുകൊണ്ടല്ല അറസ്റ്റിലായത്. തങ്ങളുടെ പക്കളുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
കേജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടരുതെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയിൽ അറിയിച്ചു. വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി മാറ്റുകയാണുണ്ടായത്. ഏപ്രിൽ 1 വരെ ഡൽഹി മുഖ്യമന്ത്രി ഇഡി കസ്റ്റഡിയിൽ തുടരും.