ചെന്നൈ: അൽവാർപേട്ടിലെ ചാമിയര്‍സ് റോഡിലെ പ്രശസ്തമായ സേഖ്മേട്ട് ബാറിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. അപകടത്തിൽ 3 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഐപിഎൽ മത്സരത്തിൻ്റെ പ്രദർശനം ഉണ്ടായതിനാൽ നിരവധി ആളുകൾ ബാറിലുണ്ടായിരുന്നു. പബ്ബിനുള്ളിൽ കുടുങ്ങിയ എല്ലാവരെയും പുറത്ത് എത്തിച്ചതായിട്ടാണ് സൂചന.
ഒന്നാമത്തെ നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണതെന്നും പുതുക്കി പണിയുന്നതിനിടെയാണ് അപകടം നടന്നതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ബാറിന് എതിര്‍വശത്തായി മെട്രോ നിര്‍മാണം നടക്കുന്നതാണ് അപകടത്തിന് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.
മരിച്ചതില്‍ രണ്ട് പേര് തൊഴിലാളികളാണെന്നും കൂടുതല്‍പേര്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തക സംഘം പരിശോധിക്കുകയാണെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് മെട്രോ റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വലിയ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടായിരുന്നുവോയെന്നും പരിശോധിക്കുമെന്ന് ജോയിന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ പറഞ്ഞു അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.