കാസർഗോഡ്: ഒടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അപകടത്തിൽപ്പെട്ട് രണ്ട് മരണം. ഓടുന്ന ട്രെയിനിൽനിന്ന് തെറിച്ചുവീണും അതേ വണ്ടിയുടെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പാളത്തിലേക്ക് വീണും വിദ്യാർത്ഥിയും യുവാവുമാണ് മരണപ്പെട്ടത്.
ഒഡിഷ സ്വദേശിയും മംഗളൂരുവിൽ പെട്രോൾപമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41), കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽവെച്ചും മംഗളൂരു പി.എ കോളജ് എൻജിനീയറിങ് വിദ്യാർഥിയും കൂത്തുപറമ്പ് സ്വദേശിയുമായ റെനിം (19) കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്തുവെച്ചുമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ മംഗളൂരു -ചെെന്നെ മെയിലിൽനിന്നാണ് അപകടമുണ്ടായത്.
കാസർഗോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് പാളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. തുടർന്ന് യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതേ ട്രെയിനിൽനിന്ന് വാതിലിനരികിൽ നിൽക്കുകയായിരുന്ന റെനിം തെറിച്ചുവീണ് മരണപ്പെട്ടതാകാമെന്നാണ് നിഗമനം. ഷിറിയ പുഴയുടെയും കാസർഗോഡിന്റെയും ഇടയിൽനിന്നാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി പറയുന്നു.
സംഭവം അറിഞ്ഞയുടനെ കുമ്പളയിലും പരിസരങ്ങളിലും പ്രദേശവാസികളും പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് ‘ ആറ് മണിക്കൂറിന് ശേഷം പന്നിക്കുന്നിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അതിഥി മന്ദിരത്തിന്റെ പിറകിലുള്ള റെയിൽവേ പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.