ജയ്പുര്‍: റിയാന്‍ പരാഗിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 12 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഋഷഭ് പന്തിന്റെ നേതൃത്വത്തിനു കീഴിലുള്ള ഡല്‍ഹിയുടെ സീസണിലെ രണ്ടാം തോല്‍വിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സായിരുന്നു ഡല്‍ഹിയുടെ സമ്പാദ്യം. വാര്‍ണറെ ആവേശ് ഖാന്‍ സന്ദീപ് ശര്‍മയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ നിര്‍ണായകമായത്. 34 പന്തില്‍ 49 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.
മാര്‍ഷ് 12 പന്തില്‍ 23 റണ്‍സെടുത്ത് നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ പുറത്തായി. റിക്കി ഭുയി (പൂജ്യം), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (28), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (23 പന്തില്‍ 44*), അഭിഷേക് പൊരേല്‍ (9), അക്‌സര്‍ പട്ടേല്‍ (15*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. രാജസ്ഥാനുവേണ്ടി നാന്ദ്രേ ബര്‍ഗര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ്ഖാന്‍ ഒരു വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ 186 റണ്‍സ് വിജയലക്ഷ്യം വെച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 36 പന്തുകള്‍ നേരിട്ട് 57 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ കൂറ്റനടികളാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 14 ഓവറില്‍ 93-ന് നാല് എന്ന നിലയിലായിരുന്ന രാജസ്ഥാനെ, അവസാന ആറ് ഓവറുകളില്‍ പരാഗും ജുറേലും ഹെറ്റ്മയറും ചേര്‍ന്ന് 92 റണ്‍സ് നേടി മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.
മുകേഷ് കുമാര്‍ നാലോവറില്‍ 49ഉം നോര്‍ട്‌ജെ 48ഉം റണ്‍സ് വഴങ്ങി. ഇരുവര്‍ക്കും ഓരോ വിക്കറ്റ്. പുറമേ, ഖലീല്‍ അഹ്‌മദ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് നേടി.