ലഖ്നൗ: ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു. ജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി.
വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്.
യുപിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താര്‍ അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മരണം. വ്യാഴാഴ്ച രാത്രി 8.35 ഓടെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്താര്‍ അന്‍സാരി. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.