ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായി ഈ നീക്കം.
2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പിന്റെ നടപടി. 2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജിയും ഡൽഹി ഹൈകോടതി മുമ്പ് തള്ളിയിരുന്നു.
എന്നാൽ രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണിതെന്നും ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
Read also: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചു; 45 പേര്‍ മരിച്ചു