സിറിയൻ നഗരമായ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി രണ്ട് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയിൽ നിന്നുള്ള അഞ്ച് പോരാളികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ മരിച്ച 33 പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ഇസ്രായേൽ ആക്രമണം അലപ്പോ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ആയുധ ഡിപ്പോയിലായിരുന്നു പതിച്ചത്. ഇത് വലിയ സ്ഫോടന പരമ്പരകൾക്ക് കാരണമാവുകയും ചെയ്തുവെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.
ഇദ്‌ലിബ് നഗരത്തിൽ നിന്നുള്ള “ഭീകര സംഘടനകൾ” സിവിലിയൻമാരെ ലക്ഷ്യമിട്ട് അലപ്പോയിൽ ഡ്രോൺ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇസ്രായേൽ ആക്രമണം നടന്നതെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.