ഭോപാൽ: മധ്യപ്രദേശിലെ ഏക കോൺഗ്രസ് എം.പിയും മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനുമായ നകുൽ നാഥിന് 697 കോടിയുടെ സ്വത്ത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിലാണ് നകുൽ സ്വത്ത് വിവരം വെളിപ്പെടുത്തിയത്. ഭാര്യ പ്രിയ നാഥിനും നകുലിനും കൂടി 716 കോടി രൂപയുടെ സ്വത്തുണ്ട്.
നകുലിന്റെ വാർഷിക വരുമാനത്തിൽ 185 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നകുലിന്റെ സ്വത്തിൽ 40 ശതമാനം വർധനവുണ്ടായിട്ടുണ്ട്. സ്വന്തമായി കാറില്ലെന്നും യാത്രക്കായി പതിവായി വിമാനമാണ് ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. 1.89 കി.ഗ്രാം സ്വർണവുമുണ്ട്. ഭാര്യക്ക് 850.6 ഗ്രാം സ്വർണവും.
Read more : സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിലേക്ക് : പവന് 1040 രൂപ വർധിച്ച് 50400 ആയി
മധ്യപ്രദേശിൽ ആകെയുള്ള 29 ലോക്സഭ സീറ്റിൽ 28ലും ബി.ജെ.പിയുടെ ആധിപത്യമാണ്. ഛിന്ദ്വാര മാത്രമാണ് കോൺഗ്രസിന് നേടാനായത്. തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച ഏറ്റവും പുതിയ രേഖയിൽ അദ്ദേഹത്തിന് 649.51 കോടി രൂപ വിലമതിക്കുന്ന പണവും ഓഹരികളും ബോണ്ടുകളും ഉൾപ്പെടെയുള്ള ജംഗമ സ്വത്തും 48.07 കോടി സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 2019ൽ 475 ലോക്‌സഭാ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു നകുൽ.
ഏപ്രിൽ 19ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 113 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. ഛിന്ദ്വാരയിൽ നിന്നാണ് ഇത്തവണയും നകുൽ മത്സരിക്കുന്നത്. 1952 മുതൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ചിന്ദ്വാര. ഇവിടെ ഒരു തവണ മാത്രം കോൺഗ്രസിന് ബി.ജെ.പിയോട് അടിപതറി. കമൽ നാഥ് ഒമ്പത് തവണയാണ് ഈ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.