ചേലാട് കൊലപാതകം: പ്രതികളുടെ മൊഴികൾ പരസ്പര വിരുദ്ധമെന്ന് പൊലീസ്

കോതമംഗലം:ചേലാട് കാള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊലപതാക കേസിൽ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ മൊഴികൾ പരസ്പരവിരുദ്ധമെന്ന് പൊലീസ്.കസ്റ്റഡിയിലുള്ള ഒരാൾ കുറ്റം സമ്മതിക്കുകയും ,മറ്റൊരാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്തത് അന്വേഷണസംഘത്തെ ആശയകുഴപ്പത്തിലാക്കി.

കസ്റ്റഡിയിലുള്ള ഒരാളുടെ സ്കൂട്ടറിൽ കണ്ടെത്തിയ കത്തി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടയാളുടെ രക്തക്കറ കത്തിയിൽ കണ്ടാൽ അതു ശക്തമായ തെളിവാകും. കൊലയ്ക്കു ശേഷം കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സ്വർണം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെപ്പറ്റി പറയുന്നതിലും വൈരുധ്യമുണ്ട്.കസ്റ്റഡിയിലുള്ള 2 പേരിൽ ഒരാളെ കൊല നടന്ന വീടിന്റെ സമീപം കണ്ടതായി സാക്ഷിമൊഴിയുണ്ട്. സാറാമ്മ ഏലിയാസിന്റെ ഔട്ട്ഹൗസിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിയാണ് ഈ മൊഴി നൽകിയത്.

ഇവർ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധിച്ചെങ്കിലും തൊണ്ടി മുതൽ കണ്ടെത്താൻ കഴിഞ്ഞില്ല. കസ്റ്റഡിയിലുള്ള രണ്ടുപേരും നാട്ടുകാരായതിനാൽ അവരുടെ മൊഴികളിൽ മറ്റു ചിലരുടെ പേരുകളും കടന്നുവരുന്നുണ്ട്.

ഇവർ ബോധപൂർവം മറ്റുള്ളവരെ കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണു നീങ്ങുന്നതെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളും വിശദമായി രേഖപ്പെടുത്തുന്നുണ്ട്.

Read also :അടൂരിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : സംഭവത്തിൽ ദുരൂഹത