ആദ്യം മത്തി കഴുകി വൃത്തിയാക്കാം. വറുക്കാൻ പരുവത്തിനെന്ന പോലെ വരഞ്ഞ് കാൽ ടേബിൾ സ്പൂൺ മഞ്ഞപൊടിയും മുളക്പൊടിയും ഇത്തിരി കുരുമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് യോജിപ്പിച്ച് മാരിനേറ്റ് ചെയ്യാനായി വയ്ക്കാം. ചെറിയ കഷ്ണം ഇഞ്ചിയും മൂന്ന് അല്ലി വെളുത്തുള്ളിയും 2 പച്ചമുളകും ഒരു ചെറിയ സവാളയും ചോപ്പിങ്ങ് പാത്രത്തിലിട്ട് നന്നായി ചോപ്പ് ചെയ്തെടുക്കാം. ശേഷം അതേ ചോപ്പിങ് പാത്രത്തിൽ ഒരു തക്കാളിയും കാൽ സ്പൂൺ മഞ്ഞപൊടിയും ഒന്നര സ്പൂൺ കശ്മീരി മുളക് പൊടിയും ഒന്നര ടീസ്പൂൺ മല്ലിപൊടിയും ചേർത്ത് നനന്നായി അരച്ചെടുക്കാം.
ഒരു പാൻ വച്ചിട്ട് അതിലേക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിക്കാം. ചൂടാകുമ്പോൾ ഇത്തിരി ഉലുവയും കറുവേപ്പിലയും ഇട്ടുകൊടുക്കാം. ഒപ്പം ചോപ്പ് ചെയ്ത ഇഞ്ചിയും പച്ചമുളക് വെളുത്തുള്ളി കൂട്ട് ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് തക്കാളിയും മുളക്പൊടിയുമൊക്കെ ചേർന്ന പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നിടം വരെ വഴറ്റാം. 3 അല്ലി കുടംപുളിയും ചേർക്കണം. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ മീൻ ഇട്ട്കൊടുക്കാം. ഉപ്പ് ആവശ്യത്തിന് ഉണ്ടോന്ന് നോക്കണം. അടച്ച് വച്ച് 15 മിനിറ്റ് വേവിക്കാം. നല്ല അസ്സൽ രുചിയിൽ കുറുകിയ മത്തികറി റെഡി.
Read also: കപ്പയ്ക്ക് ബീഫാണ് ചിലര്‍ക്ക് പ്രിയം: ഞൊടിയിടയിൽ ഒരു ബീഫ് റോസ്റ്റ് തയാറാക്കിയാലോ?