ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുഖ്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് വിഷം ഉള്ളില്‍ ചെന്നതു മൂലമാണെന്ന് ഉറപ്പിച്ച് കുടുംബം. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്. മരിക്കുന്നതിനു ഒരാഴ്ച മുമ്പ് തനിക്ക് വിഷം നല്‍കിയെന്ന പരാതി മുഖ്താര്‍ അന്‍സാരി കോടതിയില്‍ നല്‍കിയിരുന്നു. ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി തേടിയിരുന്നു. മുഖ്താര്‍ അന്‍സാരിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്‍കിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ കോടതി, ബന്ദയിലെ ജയില്‍ ഉദ്യോഗസ്ഥരോട് ഭക്ഷണം കഴിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടികയും ചെയ്തിരുന്നു. 40 ദിവസത്തിനുള്ളില്‍ രണ്ട് തവണയെങ്കിലും വിഷം കഴിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
മാര്‍ച്ച് 21ന്, പ്രത്യേക ജഡ്ജി കമല്‍ കാന്ത് ശ്രീവാസ്തവയാണ് അന്‍സാരിയുടെ അപേക്ഷ പരിഗണിച്ചത്. അന്‍സാരിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് മാര്‍ച്ച് 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചത്. അന്‍സാരിക്കെതിരെയുള്ള ഗുണ്ടാ ആക്ട് കേസ് (2022) വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകന്‍ മുഖേന അന്‍സാരി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
മാര്‍ച്ച് 21 ന് ബരാബങ്കി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, മാര്‍ച്ച് 19ന് അത്താഴ സമയത്ത് തനിക്ക് ജയിലില്‍ നല്‍കിയ ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായി അന്‍സാരി ആരോപിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും ആദ്യം കൈകാലുകളിലും പിന്നീട് ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്കും വേദന അനുഭവപ്പെട്ടതായും അന്‍സാരിയുടെ പരാതിയില്‍ പറയുന്നുണ്ട്.
”എന്റെ കൈകളും കാലുകളും തണുത്തു. ഒപ്പം ഞാന്‍ മരിക്കാന്‍ പോകുന്ന പോലെ തോന്നി. എനിക്ക് അസ്വസ്ഥത തോന്നി. അതിനുമുമ്പ് എന്റെ ആരോഗ്യം പൂര്‍ണമായിരുന്നു,” എന്നാണ് ഇതേക്കുറിച്ച് അന്‍സാരി തന്റെ അപേക്ഷയില്‍ പറയുന്നത്. അതിന് 40 ദിവസം മുമ്പ് തനിക്ക് ഭക്ഷണത്തോടൊപ്പം സ്ലോ പോയിസണ്‍ നല്‍കിയതായും അദ്ദേഹം ആരോപിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അത് രുചിച്ചുനോക്കിയിരുന്ന ജയില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ജീവനക്കാര്‍ക്കും അസുഖം അനുഭവപ്പെട്ടിരുന്നു.
അവരെയും ആശുപത്രിയില്‍ എത്തിച്ചു ചികിത്സിക്കേണ്ടിവന്നുവെന്നും അന്‍സാരിയുടെ രണ്ടുപേജുള്ള അപേക്ഷയില്‍ പറയുന്നുണ്ട്. ഈ വിഷം പൂര്‍ണ്ണാമയും അന്വേഷിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും തന്റെ ചികിത്സയ്ക്കായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും തന്റെ സുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണണെന്നും അന്‍സാരി അഭ്യര്‍ത്ഥിച്ചിരുന്നു.
‘ജയിലില്‍ എന്റെ ജീവന് ഭീഷണി വര്‍ദ്ധിച്ചു. എനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ സംഭവിക്കാം,” തന്റെ വിഷം ചില വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്‍സാരി ആരോപിച്ചു. അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ജഡ്ജി ശ്രീവാസ്തവ, ജയില്‍ മാനുവല്‍ പ്രകാരം അന്‍സാരിക്ക് മതിയായ മെഡിക്കല്‍ പരിശോധന നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ദ ജില്ലാ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു.
അന്‍സാരിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിന് മാര്‍ച്ച് 29 വരെ സമയം അനുവദിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡിഐജി പ്രയാഗ് രാജിന് അയച്ചുകൊടുത്തു. എന്നാല്‍, മാര്‍ച്ച് 21ന് ജില്ലാ ജയില്‍ ബന്ദ ഡെപ്യൂട്ടി ജയിലര്‍ മഹേന്ദ്ര സിംഗ് അന്‍സാരിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
അന്‍സാരിയുടെ ആരോഗ്യനില വഷളായെന്നും ചികിത്സ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അന്‍സാരിയെ ബന്ദ ജയിലില്‍ വച്ച് വധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കാണിച്ച് അന്‍സാരിയുടെ മകന്‍ ഉമര്‍ അന്‍സാരി കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിതാവിന്റെ മരണശേഷം മാര്‍ച്ച് 28ന് മാധ്യമങ്ങളോട് സംസാരിച്ച ഉമര്‍ തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് മുഖ്താര്‍ അന്‍സാരിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പിതാവിനെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും ഉമര്‍ പറഞ്ഞു. പിതാവിന്റെ മരണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത് അന്വേഷണ വിഷയമാണ്,’ അദ്ദേഹം പറഞ്ഞു. ”ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആരുമല്ല. മാര്‍ച്ച് 19ന് തന്റെ അത്താഴത്തോടൊപ്പം വിഷം നല്‍കിയതായി പിതാവ് തന്നെ ആരോപിച്ചിരുന്നു.
അന്‍സാരിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8:25 ഓടെയാണ് ജയിലില്‍ നിന്നും റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. തുടര്‍ച്ചയായ ഛര്‍ദ്ദിയും ബോധക്ഷയവും ഉണ്ടായി. ഉടന്‍ ഐ.സി.യുവിലേക്ക് മാറ്റി. ഒമ്പത് ഡോക്ടര്‍മാരുടെ സംഘം ഉടന്‍തന്നെ അദ്ദേഹത്തെ ചികിത്സിച്ചു. എന്നാല്‍ പരമാവധി ശ്രമിച്ചിട്ടും, ‘ഹൃദയസ്തംഭനം’ കാരണം മരണം സംഭവിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്ന് അന്‍സാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.