തിയറ്ററുകളിലും വമ്പൻ തരംഗം തീർത്ത് പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും വാരിയത് 4.8 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യയിൽ നിന്നും ഏഴ് കോടി രൂപ ആകെ കലക്‌ഷനായി ലഭിച്ചെന്നും ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതത്തി’നു ഗംഭീര പ്രതികരണം. മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും ‘ചോര നീരാക്കി’യുള്ള പൃഥ്വിയുടെ ഗംഭീര പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഹക്കീം ആയി എത്തുന്ന ഗോകുൽ ആണ് ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്ചവച്ചത്.
പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്.
ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്” അത് തന്നെയാണ് പൃഥ്വിരാജ് എന്ന സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന താരത്തോട് സിനിമാപ്രേമികൾക്കും പറയാനുള്ളത്
മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.