ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ‘നോ വോട്ട് ടു ബിജെപി’ എന്ന ആഹ്വാനവുമായി ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്തേക്കു മാർച്ച് നടത്തിയിരുന്നു. ഇതിനിടെ കേജരിവാളിനെ വിട്ടയക്കാനുള്ള പ്രതിഷേധം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
“അഴിമതിക്കാരൻ കേജരിവാളിനെ ഉടൻതന്നെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരത്തിന് പോയ സുഡാപ്പികളിൽ ഒരുവൻ പറന്നു നടന്ന് സമരം ചെയ്യുന്ന മനോഹര കാഴ്ച്ച…..” എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
എന്താണ് ഈ പോസ്റ്റിന്റെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരം 2017 മുതൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും വൈറലാണെന്നാണ്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ഏത് പ്രതിഷേധത്തിന്റേതാണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായില്ല. എന്നാൽ പോസ്റ്റിലെ കമന്റുകൾ ശ്രദ്ധിച്ചപ്പോൾ ഈ വീഡിയോ മധ്യപ്രദേശിലെ സാഗറിൽ നിന്നുള്ളതാണെന്നാണ് മനസ്സിലായത്. ഈ വീഡിയോയിൽ കോൺഗ്രസിന്റെ പതാകകളും കാണാം. ഇതിൽ നിന്നും പ്രചരിക്കുന്ന പോസ്റ്റിന്റെ യാതാർത്ഥ ചിത്രം വ്യക്തമായി. പ്രചരിക്കുന്ന ചിത്രം മധ്യപ്രദേശിലെ സാഗറിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിന്റേതാണെന്നും പ്രധിഷേധം അക്രമാസക്തമായി എന്ന വാർത്ത പുറത്തുവന്നിരുന്നുവെന്നും ആ ചിത്രങ്ങൾ ഇതെന്നുമാണ് വ്യക്തമാകുന്നത്.
കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് 2017 ജൂൺ മാസത്തിൽ മധ്യപ്രദേശിലെ കർഷകർ സമരം നടത്തിയിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകനെ കോൺഗ്രസ് നേതാവായ രാഹുൽ ഭയ്യ എന്നറിയപ്പെടുന്ന അജയ് സിങ് മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് എഎൻഐ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വൈറൽ വീഡിയോയിൽ ഇപ്പോൾ പ്രചാരത്തിലുള്ള വീഡിയോയിൽ കാണുന്നത് പോലെ പ്രതിഷേധക്കാരെ പൊലീസ് പൊക്കിയെടുത്ത് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങളും ഉണ്ട്.
അതുപോലെതന്നെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിൽ തടിച്ചുകൂടിയെന്ന് അവകാശപ്പെടുന്ന മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ചിത്രത്തിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്- “അദ്ദേഹത്തിൻ്റെ ചിത്രം സൂചിപ്പിക്കുന്നത് ഏകാധിപത്യത്തിൻ്റെ അന്ത്യം സുനിശ്ചിതമാണ് … കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പൊതുജനങ്ങൾ തെരുവിലിറങ്ങുന്നു..” (“his picture indicates that the end of dictatorship is certain ….The public is on the streets against the arrest of Kejriwal” ). ഒപ്പം ചെന്നൈലാണ് പ്രതിഷേധങ്ങൾ നടക്കുന്നത് എന്നതരത്തിൽ പോസ്ടിനോപ്പം ചെന്നൈ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റുചില ഇടങ്ങളിൽ ഇതേ ചിത്രത്തോടൊപ്പം കോൺഗ്രസിന്റെ അവസാനം എന്ന തരത്തിലും രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. എന്താണ് ഈ പ്രചാരണങ്ങളുടെ യാഥാർഥ്യം എന്ന് പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ചിത്രം ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുമായി ബന്ധപ്പെട്ടതാണ് എന്നാണ്.
ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചരിക്കുന്ന ചിത്രങ്ങൾ ഒന്നുംതന്നെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടതല്ലായെന്നും, മറ്റു സാഹചര്യങ്ങളിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാണ്.