ജൂലിയൻ അസാൻജ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നു; ആരാണ് ജൂലിയൻ അസാൻജ്? | Julian Assange

ചാരവൃത്തി കേസിൽ ജൂലിയൻ അസാൻജിനെ അമേരിക്കയ്ക്ക് കൈമാറണമെന്ന ഉത്തരവിനെതിരായ ഹർജി ബ്രിട്ടീഷ് കോടതി തള്ളിയതോടെ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ് ജൂലിയൻ അസാൻജ് കേസ്. ഈ അവസരത്തിൽ ആരാണ് ജൂലിയൻ അസാൻജ് എന്നും, എന്താണ് അദ്ദേഹത്തിന്റെ കേസ് എന്നും നോക്കാം.

2010 ൽ യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളും പുറത്തുവിട്ടതിന് ചാരവൃത്തി നിയമപ്രകാരം വിചാരണ ചെയ്യാൻ അസാൻജിനെ വിട്ടുകിട്ടണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഓസ്ട്രേലിയൻ പൗരനും വിക്കിലീക്സ് സ്ഥാപകനുമായ ജൂലിയൻ അസാൻജ് 5 വർഷമായി ലണ്ടനിലെ ബെൽമാഷ് ജയിലിലാണ്. 2010ൽ വിക്കിലീക്സ് എന്ന വെബ്‍സൈറ്റിലൂടെ അമേരിക്കയുടെ അതീവരഹസ്യ സൈനിക രേഖകളും ഇറാഖിൽ യുഎസ് സൈന്യം പ്രവർത്തിച്ച ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതാണ് അസാഞ്ജിനെതിരെയുള്ള കേസ്.

2012 ൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ അവിടെനിന്നു പുറത്താക്കിയിരുന്നു.
കൂടാതെ, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ബ്രിട്ടിഷ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വീഡനിൽ അസാൻജ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നിരുന്നു. എന്നാൽ കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അമേരിക്കയുടെ നീക്കമാണെന്നുമാണ് അസാൻജ് നടത്തിയ പ്രതികരണം.

2006ൽ ജൂലിയൻ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ്, ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ്. മുൻ യുഎസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിങ് ചോർത്തി നൽകിയ അതീവരഹസ്യ രേഖകളായിരുന്നു വിക്കിലീക്സിലൂടെ അസാൻജെ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2017ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ, മാനിങ്ങിന്റെ ശിക്ഷ ഇളവ് ചെയ്തതിനെ തുടർന്ന് അദ്ദേഹം മോചിപ്പിക്കപ്പെട്ടിരുന്നു.

2010 ഏപ്രിലിൽ ഇറാഖി തലസ്ഥാനമായ ബാഗ്ദാദിൽ രണ്ട് റോയിട്ടേഴ്‌സ് ന്യൂസ് സ്റ്റാഫുകൾ ഉൾപ്പെടെ ഒരു ഡസൻ ആളുകളെ കൊന്ന 2007 ലെ യുഎസ് ഹെലികോപ്റ്റർ ആക്രമണം കാണിക്കുന്ന ഒരു ക്ലാസിഫൈഡ് വീഡിയോ പ്രസിദ്ധീകരിച്ചതോടെയാണ് വിക്കിലീക്സ് വെബ്‌സൈറ്റ് ശ്രദ്ധയാകർഷിക്കുന്നത്. അസാൻജിനെതിരെയുള്ള നടപടി അദ്ദേഹത്തെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കാനും അതുവഴി ലോകമെമ്പാടുമുള്ള പത്രപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് പോലുള്ള സംഘടനകൾ ആരോപിച്ചു.

ബ്രിട്ടനിലെ അതിസുരക്ഷാ ജയിലിൽ ലളിതമായ ചടങ്ങിലായിരുന്നു അസാഞ്ചിന്റെ വിവാഹവും നടന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്ന സ്റ്റെല്ല മോറിസിനെയാണ് അസാൻജ് വിവാഹം കഴിച്ചത്. അഭിഭാഷകയാണ് സ്റ്റെല്ല. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാർഡുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹദിവസം ഇരുവർക്കും പിന്തുണ അറിയിച്ച് ഒട്ടേറെ പേർ ജയിലിനു പുറത്ത് തടിച്ചുകൂടിയിരുന്നു. വിവാഹത്തിന്ശേഷം ജയിലിനു പുറത്തെത്തിയ സ്റ്റെല്ല അനുയായികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തും. ഇക്വഡോർ എംബസിയിൽ അഭയം തേടി താമസിക്കവെ നിയമപരമായ വഴികൾ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും കണ്ടുമുട്ടുന്നത്.

മൂന്നാഴ്ചയ്ക്കുള്ളിൽ വധശിക്ഷ സംബന്ധിക്കുന്ന വിഷയത്തിൽ യുഎസ് ഉറപ്പു നൽകിയില്ലെങ്കിൽ പുതിയ അപ്പീൽ നൽകാൻ അസാൻജിനെ അനുവദിക്കും. കേസ് ഇനി മേയ് 20നു മാത്രമേ പരിഗണിക്കൂ എന്നതുകൊണ്ടുതന്നെ അസാൻജിന് മുന്നിൽ സമയമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, കേസുകളില്‍ പ്രതികൂലമായ വിധിയുണ്ടായാല്‍ 175 വര്‍ഷം വരെ ജിയില്‍ ശിക്ഷ ലഭിച്ചേക്കാമെന്ന് ആണ് പറയുന്നത്.

Latest News