പാലക്കാട്: കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമിച്ചെന്ന ആരോപണമായി സിപിഎം. പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് റൈസ് വിതരണത്തിന് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്.
പാലക്കാട് കൊടുമ്പ് ജംഗ്ഷനിൽ രാവിലെ 9 മണിക്ക് ഭാരത് അരി വിതരണം ചെയ്യും, എല്ലാവരും എത്തിച്ചേരണം- എന്നെഴുതിയ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊടുമ്പ് മേഖലയിൽ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് അരി വിതരണത്തിന് മുമ്പ് സിപിഎം തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് അരി നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഭാരത് റൈസ് വിതരണവുമായി ബന്ധപ്പെട്ട് എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും ഉപയോഗിച്ച് പോസ്റ്റര്‍ തയ്യാറാക്കി ബിജെപി സമൂഹാധ്യമങ്ങളില്‍ പങ്കുവച്ചതായും സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു.
ഭാരത് റൈസ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്, അതുതന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പദ്ധതിയാണ്, അതിനെ പാലക്കാട് ബിജെപി വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ്, അത് അനുവദിക്കാൻ സാധിക്കില്ലെന്ന് സിപിഎം നേതാവ് നിതിൻ കണിച്ചേരി പറഞ്ഞു.
അതേസമയം, വാർത്തയാക്കാനുള്ള സിപിഎമ്മിന്റെ ആരോപണം മാത്രമാണിതെന്നാണ് ബിജെപിയുടെ പ്രതികരണം. പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണമാണ് നടത്താൻ ശ്രമിച്ചതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അരിവിതരണം നടന്നിട്ടില്ല. എന്നാല്‍ ഇനിയും ഇത് നടത്താനുള്ള ആലോചനയിലാണ് ബിജെപി. തടയുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.