ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ സൂപ്പര്‍ഫാസ്റ്റ് ഡ്രൈവറെക്കൊണ്ട് ഇമ്പൊസിഷന്‍ എഴുതിച്ച് സ്റ്റാറായ യാത്രക്കാരന്റെ വാര്‍ത്ത കേട്ട് പുളകിതരായവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ശരിക്കും അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാമോ. ആരാണ് തെറ്റുകാരനെന്ന് ആര്‍ക്കെങ്കിലും അറിയുമോ. ഇല്ലെങ്കില്‍ അറിഞ്ഞോളൂ. തെറ്റുകാരന്‍ ഗതാഗതമന്ത്രി കെ.ബി. ശണേഷ്‌കുമാര്‍ മാത്രമാണ്.
സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയെന്ന് പറയുന്ന ഡ്രൈവര്‍ എഴുതിയ ഇമ്പോസിഷന്‍ എഴുതേണ്ടിയിരുന്നതും ഗണേഷ് കുമാര്‍ തന്നെയാണ്. ഒരു കണക്കിന് ഗണേഷ് കുമാറിനും അറിയാം തന്നെക്കൊണ്ട് എഴുതിക്കേണ്ടിയിരുന്ന ഇമ്പോസിഷനാണ് പാവം റൂട്ട് അറിയാത്ത ഡ്രൈവറെക്കൊണ്ട് ആ യാത്രക്കാരന്‍ എഴുതിച്ചതെന്ന്. പിന്നെ, മന്ത്രിയല്ലേ, അങ്ങനെയങ്ങ് പരസ്യമായി തെറ്റ് സമ്മതിക്കാന്‍ പറ്റുമോ.
അതുകൊണ്ട് മിണ്ടാതിരുന്നു. ഇതാണ് മന്ത്രിയും കെ.എസ്.ആര്‍.ടി.സിയെ മറ്റു പുംഗവന്‍മാരും ചെയ്തത്. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിര്‍ത്തുന്ന വാളകത്തെ ബസ്‌റ്റോപ്പിലാണ് കഥ നടക്കുന്നത്. കഷ്ടിച്ച് 600 മീറ്ററിനിടയില്‍ രണ്ടു ബസ്റ്റോപ്പുകള്‍. ലോക്കല്‍ ബസിനു പോലും സ്‌റ്റോപ്പുകള്‍ തമ്മില്‍ കൃത്യമായ ദൂരമുള്ള നാടാണ് കേരളം. അവിടെയാണ് 600 മീറ്ററിനുള്ളില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് രണ്ടു സ്റ്റോപ്പുകളുള്ളത്. കേരളത്തില്‍ എവിടെയും ഇങ്ങനെ രണ്ടു സ്റ്റോപ്പുകള്‍ ഉണ്ടാകില്ല.
വാളകത്ത് മാത്രമുള്ള പ്രത്യേകതയാണ്. അതും ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍. പോരെങ്കില്‍ മന്ത്രിയുടെ അച്ഛന്‍ മന്ത്രിയായിരുന്ന മണ്ഡലത്തില്‍. വാളകത്തെ ഒരു സ്‌റ്റോപ്പ്, ജംഗ്ഷന്‍ സ്റ്റോപ്പും മറ്റേത് എം.എല്‍.എ ജംഗ്ഷന്‍ സ്റ്റോപ്പും. ഒരു വളവിന്റെ അങ്ങേത്തലയ്ക്കലും ഇങ്ങേത്തലയ്ക്കലും സ്‌റ്റോപ്പുകള്‍. ഈ രണ്ടുസ്റ്റോപ്പുകള്‍ക്കും ഇടയില്‍ ‘ബസ് ബേ’ നിര്‍മ്മിക്കാനുള്ള സ്ഥലമുണ്ടായിട്ടും മന്ത്രിയോ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റോ, സര്‍ക്കാരോ അത് ചെയ്യില്ല.
ചെയ്യാതിരിക്കുന്നതിന് കാരണവുമുണ്ട്. ഗണേഷ് കുമാര്‍ സിനിമാ അഭിനയവുമായി നടക്കുന്ന കാലത്ത് കുടുംബത്തില്‍ നിന്നും ഗതാഗതമന്ത്രിയായ അച്ഛന്‍ ബാലകൃഷ്ണ പിള്ളയുടെ കാരുണ്യത്തില്‍ വാളകത്ത് ഒരു ബസ്റ്റോപ്പ് വന്നു. അതാണ് ഇപ്പോഴത്തെ എം.എല്‍.എ ജംഗ്ഷന്‍ സ്‌റ്റോപ്പ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് സ്റ്റോപ്പ് അപ്പോഴും 600 മീറ്ററിനപ്പുറം വാളകം ജംഗ്ഷനിലുണ്ട്.
കുറഞ്ഞത് 20 കിലോമീറ്ററെങ്കിലും രണ്ടു സ്റ്റോപ്പുകള്‍ വേണണെന്നാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ മാനദണ്ഡം. എന്നിട്ടും 600 മീറ്റര്‍ ദൂരത്തില്‍ ഈ രണ്ടു സ്റ്റോപ്പുകളും വന്നതിന് കാരണം, മന്ത്രിയുടെ മണ്ഡലമായതു കൊണ്ടുതന്നെയാണ്. അതല്ലെങ്കില്‍ ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു വഴങ്ങിഎം.എല്‍.എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റ് സ്റ്റോപ്പ് അനുവദിച്ചതെന്ന് വ്യക്തം. മന്ത്രിക്ക് അടുപ്പിലും ആകാമെന്നതു കൊണ്ട് ആരും ചോദിക്കാനും പോയില്ല.
പക്ഷെ, അുഭവിക്കുന്നതു മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരാണ്. വാളകത്തെ രണ്ടു സ്റ്റോപ്പില്‍ നിര്‍ത്താ വിധിക്കപ്പെട്ട ഡ്രൈവര്‍മാര്‍ ഇമ്പോസിഷന്‍ ഭയന്ന് ചവിട്ടിച്ചവിട്ടിയാണ് പോകുന്നത്. സൂപ്പര്‍ ഫാസ്റ്റെന്നും, ലിമിറ്റഡ് ഫാസ്റ്റെന്നും, മിന്നലെന്നും, ഗരുഡ് എന്നുമൊക്കെയുള്ള പേരുകളെല്ലാം റദ്ദു ചെയ്തിട്ട് എല്ലാ വണ്ടികള്‍ക്കും ലോക്കല്‍ സര്‍വീസ് എന്നിടണം. കുറഞ്ഞ പക്ഷം മന്ത്രിയുടെ മണ്ഡലത്തിലെങ്കിലും. മന്ത്രിയുടെ മണ്ഡലത്തിലെ രണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസ്റ്റോപ്പുകളില്‍ ഒന്ന് റദ്ദാക്കാന്‍ മന്ത്രിക്കു മടിയാണ്.
കാരണം, ഒന്ന്, അച്ചന്‍ മന്ത്രിയുടെ ഓര്‍മ്മയ്ക്ക് നിലനിര്‍ത്തിയിരിക്കുന്നതാണ്. മറ്റേ സ്‌റ്റോപ്പ് മാറ്റാനുമാകില്ല. അപ്പോള്‍ ആരാണ് കുറ്റക്കാര്‍. അടുത്തടുത്ത് സ്‌റ്റോപ്പുകള്‍ അനുവദിക്കുന്നവരോ, അടുത്തടുത്ത സ്‌റ്റോപ്പുകളില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിര്‍ത്താത്ത ഡ്രൈവര്‍മാരോ. ആരാണ് ഇമ്പോസിഷന്‍ എഴുതേണ്ട യഥാര്‍ഥ തെറ്റുകാരന്‍. ഡ്രൈവറെക്കൊണ്ട് ഇമ്പോസിന്‍ എഴുതിച്ച യാത്രക്കാരന്‍ തെറ്റുകരനേയല്ല.
പക്ഷെ, ആ ഇമ്പോസിഷന്‍ വാര്‍ത്തയാക്കാന്‍ കാണിച്ച ആ വലിയ മനസ്സുണ്ടല്ലോ, അതാണ് തെറ്റ്. വലയി പിഴ. എന്തുകൊണ്ടാണ് സൂപ്പര്‍ ഫാസ്റ്റ്ബസ് അടുത്തടുത്ത സ്റ്റോപ്പുകളില്‍ നിര്‍ത്താത്തത് എന്ന് യാത്രക്കാരനറിയില്ലെങ്കിലും വകുപ്പു മന്ത്രിക്കറിയാം. അപ്പോള്‍ മന്ത്രിയാണ് ശരിക്കും ഇമ്പോസിഷന്റെ ആള്‍. വാളകം എം.എല്‍.എ ജംഗ്ഷനില്‍ നിര്‍ത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാന്‍ ഇമ്പൊസിഷന്‍ എഴുതിയത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവര്‍ ആരെന്നറിയാന്‍ യാത്രക്കാരന്‍ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവര്‍ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍ നിന്ന് ഒരാഴ്ചമുമ്പ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എം.എല്‍.എ ജംഗ്ഷനില്‍ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരും അറിഞ്ഞിരിക്കേണ്ടതല്ലേ.
വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുന്‍ വകുപ്പുമന്ത്രി കൂടിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എം.എല്‍.എ ജംഗ്ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം. ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാന്‍ എന്തു വേണമെന്നായി ഡ്രൈവര്‍. വാളകം എം.എല്‍.എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പോസിഷന്‍ എഴുതി വാട്‌സാപ്പില്‍ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി.
ഇിയും ഡ്രൈവര്‍മാരെ വാളകത്ത് ക്ഷ വരപ്പിക്കാന്‍ മന്ത്രി നില്‍ക്കരുത്. എം.എല്‍.എ ജംഗ്ഷന്‍ സ്റ്റോപ്പാണ് വേണ്ടതെങ്കില്‍ അത്, നിലനിര്‍ത്തിക്കൊണ്ട് മറ്റേ സ്റ്റോപ്പ് ഒഴിവാക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ ഡ്രൈവര്‍മാരെ മന്ത്രിയുടെ തെറ്റിനുള്ള ഇമ്പോസിഷന്‍ എഴുത്ത് ഗുമസ്തന്‍മാരാക്കി മാറ്റരുത്.