കൊച്ചി: ദു:ഖവെളളി ദിനത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ‘കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ’ എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന വിമർശനം നരേന്ദ്ര മോദിയേയും മണിപ്പൂരിലെ ബിജെപി സർക്കാരിനെയും ലക്ഷംവച്ചുള്ള ഒളിയമ്പാണ്. കുരിശ്ശിന്റെ വഴിയില്‍ ഒതുങ്ങുന്നതല്ല ദു:ഖ വെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്ന് ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കും പാര്‍ലമെന്റിലേക്കും നീളുന്നുവെന്ന് മുഖപ്രസംഗത്തില്‍ അതിരൂക്ഷമായ വിമർശനമാണ് ദീപിക നടത്തുന്നത്.
ഏകാധിപതികളുടെ അടിച്ചമര്‍ത്തലുകളിലേക്കും തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും മനുഷ്യവിരുദ്ധതയിലേക്കും വംശത്തിന്റെയും വര്‍ണത്തിന്റെയും പേരിലുള്ള വിവേചനങ്ങളിലേക്കും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയിലേക്കും ആക്രമണങ്ങളിലേക്കുമൊക്കെ നീളുന്നുണ്ട്. ഏകാധിപതികളായ ഭരണാധികാരികളും തീവ്രവാദികളും വര്‍ഗീയവാദികളും സ്നേഹമില്ലാത്ത കുടുംബനാഥന്മാരും മനുഷ്യത്വമില്ലാത്ത സകല മനുഷ്യരും കുരിശുനിര്‍മ്മാണത്തിലാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
“ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയല്ലാതായി. ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാന്‍ ക്രൈസ്തവര്‍ക്ക് ഭയമായിരുന്നു. മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആഘോഷങ്ങളെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. ഏകാധിപതികളായ സീസര്‍മാരോട് ചേര്‍ന്ന് പ്രദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു”- എന്നാണ് ദീപിക മുഖപ്രസംഗത്തിലെ വിമർശനം.
മുഖപ്രസംഗത്തിൻ്റെ പൂർണ്ണരൂപം
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ക്രിസ്തു. വയസ് 33. യഹൂദനാണ്. ജറുസലേമിലെ ഒരു ആൾക്കൂട്ടവിചാരണയിൽ ആട്ടും തുപ്പും അടിയുമേറ്റ് ചോരയൊലിച്ചു നിൽക്കുകയാണ്. കുറ്റം, രാജ്യദ്രോഹവും മതനിന്ദയും. രാത്രിയിൽ ഒലിവുമലയിൽനിന്നു വലിച്ചിഴച്ച് പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഗവർണറുടെ കൊട്ടാരത്തിൽ എത്തിച്ചതാണ്. നേരം വെളുത്തിട്ടും ആളുകൾ പിരിഞ്ഞുപോയില്ല. നിരപരാധിയെ കൊല്ലാൻ വിധിക്കുന്നതിന്റെ കുറ്റബോധത്താൽ നീറിയ ഗവർണർ പന്തിയോസ് പീലാത്തോസ് മൂന്നു പ്രാവശ്യം പറഞ്ഞു.
“”ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല…” ആൾക്കൂട്ടം സമ്മതിച്ചില്ല. ഒടുവിൽ, ആ നിരപരാധിയെ കൊല്ലാൻ വിട്ടുകൊടുത്തു. ഭ്രാന്തുപിടിച്ച ആൾക്കൂട്ടം മാത്രമല്ല, അവന്റെ പിന്നാലേ; ശിഷ്യന്മാരും അമ്മയും പാവങ്ങളും അനാഥരും അവൻ കെട്ടിപ്പിടിച്ചിട്ടുള്ളവരും ചുംബിച്ചിട്ടുള്ളവരും അവന്റെ പ്രസംഗം കേട്ടിട്ടുള്ളവരും ഒന്നിച്ചിരുന്നു ഭക്ഷിച്ചിട്ടുള്ളവരും കല്ലെറിഞ്ഞു കൊല്ലാൻ വന്നവരിൽനിന്ന് അവൻ രക്ഷിച്ച സ്ത്രീയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, ഭരണകൂടവും ഭൂരിപക്ഷവും കൊല്ലാൻ വിധിച്ച നിരപരാധിയെ ആർക്കു രക്ഷിക്കാനാകും? ആ വെള്ളിയാഴ്ച മൂന്നു മണിയോടെ അവന്റെ വധശിക്ഷ നടപ്പാക്കി.
ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനാൽ ദുഃഖവെള്ളിയെ മറന്നുകളയാവുന്നതായിരുന്നു. എന്നാലോ, സമാനമായ പീഡാസഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് “”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു…” എന്ന അത്യന്തം വേദനാജനകമായൊരു നിലവിളിയിൽനിന്നു സ്വന്തം ജീവിതത്തെ വേർപെടുത്താനാകുമായിരുന്നില്ല.
പീഡിതരായ സകല മനുഷ്യരുടെയും മധ്യസ്ഥനായി ക്രിസ്തു ആകാശത്തിനും ഭൂമിക്കുമിടയിൽ കുരിശിൽ കിടന്നു. അവന്റെ യാതനാനിർഭരമായ മുഖത്തേക്കു നോക്കിയവരെല്ലാം ഒരു കണ്ണാടിയിലെന്നപോലെ, മുറിവേറ്റ സ്വന്തം ദേഹത്തെയും ചോര വിയർക്കുന്ന ആത്മാവിനെയും ദർശിച്ചു.
കുരിശിന്റെ വഴിയിലും ഗാഗുൽത്തായിലെ കൊലപാതകസ്ഥലത്തും ഒതുങ്ങുന്നതല്ല ദുഃഖവെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും, നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്നു ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും പാർലമെന്റുകളിലേക്കുമൊക്കെ നീളുന്നുണ്ട്.
ഏകാധിപതികളുടെ അടിച്ചമർത്തലുകളിലേക്കും, തീവ്രവാദത്തിന്റെയും വർഗീയതയുടെയും മനുഷ്യവിരുദ്ധതയിലേക്കും, വംശത്തിന്റെയും വർണത്തിന്റെയും പേരിലുള്ള വിവേചനങ്ങളിലേക്കും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയിലേക്കും ആക്രമണങ്ങളിലേക്കുമൊക്കെ നീളുന്നുണ്ട്. ഏകാധിപതികളായ ഭരണാധികാരികളും തീവ്രവാദികളും വർഗീയവാദികളും സ്നേഹമില്ലാത്ത കുടുംബനാഥന്മാരും മനുഷ്യത്വമില്ലാത്ത സകല മനുഷ്യരും കുരിശുനിർമാണത്തിലാണ്.
2022 ജൂണിൽ റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ലക്ഷങ്ങൾ അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തു. 2023 സെപ്റ്റംബറിൽ അസർബൈജാനിലെ മുസ്ലിം ഭരണകൂടം നഗോർണോ-കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികളെ ആക്രമിച്ചതിനെത്തുടർന്ന് എല്ലാമുപേക്ഷിച്ച് അർമേനിയയിലേക്കു പലായനം ചെയ്തത് 1.25 ലക്ഷം മനുഷ്യരാണ്. ഒക്ടോബറിൽ ഹമാസ് കൊന്നവരുടെയും തടവിലാക്കിയവരുടെയും വീടുകൾ ജറുസലേമിന്റെ ദുഃഖമായി. തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവിന്റെ പകയിൽ ഗാസയിലെ 33,000 മുസ്ലിംകൾ കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയിൽ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. സ്ത്രീകൾ മാനഭംഗങ്ങൾക്കിരയായി. ലക്ഷങ്ങൾ പലായനം ചെയ്തു. സൊമാലിയയിലും യെമനിലും നൈജീരിയയിലും ക്രിസ്ത്യാനികളെ കൊന്നുതള്ളി. ഇസ്ലാമിക തീവ്രവാദികളുടെ ഭരണത്തിൻകീഴിലെ പട്ടിണിയും ക്രൂരതയും സഹിക്കാനാവാതെ പതിനായിരക്കണക്കിനു മുസ്ലിംകളും അഭയാർഥികളായി.
ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വാർത്തയല്ലാതായി. ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാൻ ക്രൈസ്തവർക്കു ഭയമായിരിക്കുന്നു. മണിപ്പുരിൽ എല്ലാം നഷ്ടപ്പെട്ടവർ ആഘോഷങ്ങളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല… ഏകാധിപതികളായ സീസർമാരോടു ചേർന്ന് പ്രാദേശിക ഭരണാധികാരികളായ പീലാത്തോസുമാർ നിരപരാധികളെ മരണത്തിനു വിട്ടുകൊടുത്തിട്ടു കൈ കഴുകുന്നു.
എല്ലാ പീഡിതർക്കും ക്രിസ്തുവിന്റെ മുഖമാണ്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും സത്യത്തിനും നീതിക്കുംവേണ്ടി പൊരുതാൻ മനുഷ്യനെ ധൈര്യപ്പെടുത്തുന്നതു ക്രിസ്തുവാണ്. മരണമുഖത്തും പിന്തിരിഞ്ഞു നടക്കാത്തവനെ എങ്ങനെയാണ് ഒരു കുരിശിനും കല്ലറയ്ക്കും ഉൾക്കൊള്ളാനാകുക? ഉയിർപ്പിനെക്കുറിച്ചുള്ള അവന്റെ ഉറപ്പുകളോ; മനുഷ്യനെ ദൈവത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.