ഓൺലൈൻ ട്രേഡിങ്ങിൽ പണം നഷ്ടം; തിരികെ കിട്ടാൻ യുവാവിനെ ബന്ദിയാക്കി, മോചിപ്പിച്ച് പോലീസ്

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി ഇടപാടുകാർ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ദീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ട്രേഡിങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്.

വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം തിരികെ വാങ്ങാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി.