കോഴിക്കോട്: മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. ഇരു പാർട്ടികളും തമ്മിലുള്ള ഐക്യമാണ് യുഡിഎഫിൻ്റെ കരുത്തെന്നും സുധാകരൻ വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ സുധാകരൻ്റെ പ്രതികരണം
സംസ്ഥാന സർക്കാരിനെതിരെ ജന വികാരം ശക്തമാണ്. യൂഡിഎഫിന് തെരഞ്ഞെടുപ്പിൽ ആശങ്കയില്ല. കോൺഗ്രസിൻ്റെ പണം തടഞ്ഞുവെക്കുകയാണ് കേന്ദ്ര സർക്കാർ. ബിജെപിയെ പോലെ ഇത്ര നെറികെട്ട ജനാധിത്യ വിരുദ്ധ നടപടി ഒരു പാർട്ടിയും നടത്തില്ല. ഇത്ര തറയാകരുത് ഭരണകൂടമെന്നും സുധാകരൻ വിമർശിച്ചു.
തെറ്റായ വഴിക്ക് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബുദ്ധിക്കേ ഇത്തരം നടപടികൾ സ്വീകരിക്കാൻ കഴിയൂ. കേരളത്തിൽ ജനങ്ങളെ സമീപിച്ചു പണം കണ്ടെത്തും. സംസ്ഥാനത്ത് ബിജെപിക്കു കാര്യമായി സ്വാധീനമുള്ള മണ്ഡലം ഇല്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ ഒഴുക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
മകളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ തലവൻ ഇപ്പോൾ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നുവെന്നും മുഖ്യമന്ത്രിയെ കെ സുധാകരൻ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടിയുടെ ഭാഗമായാണ് വീണക്കെതിരായ കേസ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ പിണറായി എന്നേ അകത്തുപോയേനെയെന്ന് സുധാകരൻ പറഞ്ഞു. ഇഡിക്ക് അന്വേഷിക്കാൻ എത്ര കേസുകൾ ഉണ്ട്. അതെന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.