ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി. പഴയ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ ആദായനികുതി വിവരങ്ങള്‍ ഫയല്‍ ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.
നോട്ടീസിനെതിരെ സിപിഐ നിയമോപദേശം തേടുന്നതായി റിപ്പോർട്ട്. പാർട്ടി നോട്ടീസിനെ നിയമപരമായി നേരിടുമെന്നും അഭിഭാഷകരുമായി കൂടിയാലോചിക്കുകൾ നടത്തുകയാണെന്നും ഒരു മുതിർന്ന സിപിഐ നേതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുകയാണെന്നാണ് നടപടിക്ക് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ചെറുകക്ഷിയാണെന്നും ബിജെപി തങ്ങളെ ഭയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
1,823 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 11 ആദായ നികുതി വകുപ്പ് നോട്ടീസുകൾ ലഭിച്ചതായി തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ പറഞ്ഞു.വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായിട്ടാണ് കോൺഗ്രസിൻ്റെ ആരോപണം.
കോൺഗ്രസിനെതിരെ കേന്ദ്ര സർക്കാർ നികുതി ഭീകരതയാണ് നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന് പിഴ ഈടാക്കിയ പ്രകാരമാണെങ്കിൽ ബിജെപിയിൽ നിന്ന് 4617 കോടി ഈടാക്കണം. ബിജെപിയിൽ നിന്ന് പിഴ ഈടാക്കാൻ പൊതു താത്പര്യ ഹർജി നൽകും. ഇത് രാജ്യത്തിൻ്റെ ആഭ്യന്തര വിഷയമാണെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തിൻ്റെ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും വിദേശ രാജ്യങ്ങളുടെ അഭിപ്രായ പ്രകടനത്തോട് ജയറാം രമേശ് പ്രതികരിച്ചു.
സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ ബിജെപി മറച്ചു ച്ചു. മേൽവിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്. ഈ സംഭാവനകൾക്ക് ആദായ നികുതി ഇളവുകൾക്ക് അർഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണ്. ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016-17 വർഷത്തിൽ 181.90 കോടി രൂപയും 2017-18 വർഷത്തിൽ 178. 73 കോടി രൂപയും 2018-19 വർഷത്തിൽ 918.45 കോടി രൂപയും 2019 -20 വർഷത്തിൽ 490.01 കോടി രൂപയുമാണ് ചുമത്തിയിരിക്കുന്നത്. 1993-9, സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ട്.
1823 കോടി നികുതി അടയ്ക്കാനുള്ള നോട്ടീസാണ് ആദായനികുതി വകുപ്പ് ആദ്യം നൽകിയത്. 2016 മുതൽ 2022 വരെയുള്ള പിഴ 4617 കോടി രൂപ വരും. ആദായനികുതി വകുപ്പിന്റെ നടപടിയിൽ സുപ്രീം കോടതിയെ സമീപിക്കും. നടപടി കോൺഗ്രസിൻ്റെ മനോബലം തകർക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാൻ എയും പ്ലാൻ ബിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.