ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരാജയം’; ദു:ഖവെള്ളി സന്ദേശത്തിൽ മാർ തോമസ് തറയിൽ

തിരുവനന്തപുരം: വിവിധ സഭകളുടെ സംയുക്ത കുരിശിന്‍റെ വഴിയിൽ കേന്ദ്ര സർക്കാറിനെയും ബി.ജെപിയെയും രൂക്ഷമായി വിമർശിച്ച് സഭാ നേതാക്കൾ. ഒരു മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിന്‍റെ മുഴുവൻ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.

രാജ്യത്തിലെ ഏറ്റവും ദുർബലനായ ഒരു മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിന്‍റെ മുഴുവൻ പരാജയമായിട്ട് കരുതുവാൻ നമുക്ക് സാധിക്കണം -തോമസ് തറയിൽ പറഞ്ഞു.

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂരമായ മർദനങ്ങൾ അന്ധകാര ശക്തികളിൽനിന്ന് നേരിടേണ്ടി വരുന്നു എന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് ജെ. നെറ്റോ പറഞ്ഞു. 2014ൽ 147 അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്നുവെങ്കിൽ 2023ൽ അത് 687 ആയി ഉയർന്നു. ഇവക്കെല്ലാം കാരണമായി തീരുന്ന ച്ഛിദ്രശക്തികൾക്കെതിരെ നിലപാടുകൾ സ്വീകരിക്കേണ്ട ആവശ്യകത നാം തിരിച്ചറിയണം -അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നലെ പെസഹ തിരുകര്‍മങ്ങള്‍ക്ക്​ ശേഷം പറഞ്ഞിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ നിര്‍ഭാഗ്യവാന്‍മാരാണ്. സഹനങ്ങള്‍ ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണെന്നതാണ് ക്രൈസ്തവന്‍റെ ഏറ്റവും വലിയ പ്രത്യാശയെന്നും മേജർ ആര്‍ച്ച് ബിഷപ് പറഞ്ഞു.