ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും, കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി രാജ്യങ്ങളിൽ പിന്നാലെ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചെത്തുന്നത് മോദി സർക്കാരിന് പ്രതിസന്ധിയാണ്.
എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയായുന്നുവെന്ന വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ ആണ് മറ്റു രാജ്യങ്ങളും മോദി സർക്കാരിന്റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തുന്നത്. അമേരിക്കക്കും, ജർമനിക്കും പിന്നാലെയാണ് ഐക്യരാഷ്ട്രസഭയും പ്രതികരണവുമായി രംഗത്തെത്തിയത്.
നേരത്തേ കെജ്രിവാളിന്റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇപ്പോള്‍ ഐക്യരാഷ്ട്രസഭ കൂടി ഈ വിഷയങ്ങളില്‍ ഇടപെടുന്നത് സാഹചര്യം കുറെക്കൂടി കടുപ്പിക്കുമെന്നുറപ്പ്. പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയില്‍ പൗരര്‍ക്ക് കഴിയണമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് യുഎൻ ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചിരിക്കുന്നത്