എറണാകുളത്ത് സി പിഎമ്മും ബിജെപിയും മത്സരിക്കുന്നത് ജയം ലക്ഷ്യമിട്ടല്ല’ -ഹൈബി ഈഡൻ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ തുടർച്ചയായ രണ്ടാമങ്കത്തിനുള്ള ഒരുക്കത്തിലാണ് ഹൈബി ഈഡൻ. എംപിയായ ആദ്യ ടേമിലെ മികച്ച പ്രകടനം തനിയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി.

ഒരു എംപി എന്ന നിലയിൽ ഒരുപാട് പരിമിതികൾ ഒരു ജനപ്രതിനിധിയ്ക്കുണ്ട്. എംഎൽഎ ആയിരിക്കുമ്പോൾ ഒരു ചെറിയ സ്ഥലത്ത് നമുക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. എംപിയുടേത് വിശാലമായ പ്ലാറ്റ്ഫോമാണ്. അ‌ത് നന്നായി വിനിയോഗിക്കാൻ കഴിഞ്ഞു എന്ന വിശ്വാസമുണ്ട്. ദേശീയവിഷയങ്ങളും മണ്ഡലത്തെ ബാധിക്കുന്ന വിഷയങ്ങളും പാർലമെന്റിൽ അ‌വതരിപ്പിക്കാൻ സാധിച്ചു. എംപിയുടെ പരിമിതികൾ മറികടന്ന് ജനങ്ങളിലേക്കെത്താനും പദ്ധതികൾ ആവിഷ്കരിക്കാനും കഴിഞ്ഞു. മണ്ഡലത്തിൽ പ്രതിസന്ധികളും ദുരന്തങ്ങളും ഉണ്ടായപ്പോഴെല്ലാം എന്റെ സാന്നിധ്യവും ഇടപെടലുകളുമുണ്ടായി. അ‌ത് ജനങ്ങൾക്ക് വിലയിരുത്താനാകും. ആധുനിക മാധ്യമങ്ങൾ വഴി ഞാൻ പാർലമെന്റിൽ എന്താണ് പറഞ്ഞതും ചെയ്തതുമെന്തെന്ന് ജനങ്ങൾക്കറിയാം. അ‌താണ് അ‌വർ വിലയിരുത്തട്ടെ എന്ന് പറയാൻ കാരണം.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും മത്സരിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപ്യമൂല്യങ്ങളും സ്ഥാപനങ്ങളും തകരാതിരിക്കാനും വേണ്ടിയാണ്. അ‌താണ് കോൺഗ്രസിന്റെ ഉത്തരവാദിത്തം. അ‌തുകൊണ്ടുതന്നെ ഇത് വർഗീയ ഫാഷിസ്റ്റുകൾക്കെതിരേയുള്ള വലിയ പോരാട്ടമാണ്. മറ്റു പാർട്ടികളെ നോക്കുമ്പോൾ, എറണാകുളത്ത് ബിജെപി മത്സരിക്കുന്നത് അ‌വരുടെ വോട്ടുവിഹിതം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. സിപിഎം മത്സരിക്കുന്നത് അ‌വരുടെ ചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ്. ദേശീയതലത്തിൽ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പെന്ന നിലയിൽ കോൺഗ്രസിന് കോൺഗ്രസിന്റേതായ സ്പേസുണ്ട്.

പൗരത്വ ഭേദഗതി നിയമം -ഒരു രാജ്യത്തെ പൗരനെ സൃഷ്ടിക്കുന്നത് മതത്തിന്റെ അ‌ടിസ്ഥാനത്തിലാകുന്നതും നമ്മുടെ ചുറ്റുമുള്ളവർക്കെതിരേ (മണിപ്പുരിൽ) അ‌തിക്രമം നടക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യയിൽ ഇന്റനെറ്റ് കിട്ടാതെ മാസങ്ങളോളം അ‌ത് പുറംലോകം അ‌റിയാതിരിക്കുന്നതും ദൗർഭാഗ്യകരമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയം നിലനിർത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധന്യമർഹിക്കുന്ന കാര്യം. അ‌തിൽ പ്രാദേശിക പാർട്ടികൾക്ക് ഒരു റോളുമില്ല. കോൺഗ്രസ് പോലുള്ള ദേശീയ പാർട്ടികൾക്കാണ് അ‌വിടെ വലിയ പങ്കുവഹിക്കാനാവുക.