ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. ഇടതുപാർട്ടികളായ സിപിഐക്കും സിപിഎമ്മിനും ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനുമാണ് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 11 ആദായ നികുതി വകുപ്പ് നോട്ടീസുകൾ ലഭിച്ചതായി തൃണമൂൽ കോൺഗ്രസും നേതാവും എംപിയുമായ സാകേത് ഗോഖലെ വെളിപ്പെടുത്തി.11 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐക്ക് നോട്ടീസ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
തൊട്ടുപിന്നാലെ ഇടതുപാർട്ടിയായ സിപിഎമ്മിനും ലഭിച്ചു 15 കോടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരം നൽകിയില്ല എന്നതാണ് പിഴയിടാക്കാനുള്ള കാരണമായി പറയുന്നതെന്നാണ് സൂചന. നടപടിക്കെതിരെ സിപിഎം ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചനകൾ.
അതേസമയം, കോൺഗ്രസിന് 1823.08 കോടിയുടെ പുതിയ നോട്ടീസാണ് ആദായ നികുതി വകുപ്പ് നൽകിയിരിക്കുന്നത്. വൻതോതിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ അവർക്കെതിരെ നടപടിയില്ലെന്നുമാണ് കോൺഗ്രസിൻ്റെ ആരോപണം. 4,600 കോടിയിറേലെ രൂപ ബിജെപി അടക്കാനുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ഇന്ന് വെളിപ്പെടുത്തി.
“ഞങ്ങൾക്കെതിരേ ആരോപിക്കപ്പെടുന്നത് പോലെയുള്ള എല്ലാ തരത്തിലുള്ള ലംഘനങ്ങളും ബിജെപിയും നടത്തിയിട്ടുണ്ട്. പിഴയായി 4600 കോടി രൂപയാണ് ബിജെപി അടയ്‌ക്കേണ്ടത്. ഈ പണം ബിജെപിയിൽ നിന്ന് തിരികെ പിടിക്കാൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയ്യാറാകണം”- കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ കാരണമില്ലാതെ ലക്ഷ്യംവെക്കുകയാണ്.ബിജെപി നികുതി ഭീകരതയില്‍ മുഴുകിയിരിക്കുകയാണ്. ആദായ നികുതി വകുപ്പിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു.
1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറിയ ആദായ നികുതി വകുപ്പിന്റെ നീക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് കോൺഗ്രസിനോട് അടയ്ക്കാൻ ആവശ്യപ്പെട്ട തുക. 2017-18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളി. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.