കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിലെ അതിക്രമവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയായ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ടുകൾ.
അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കളായ നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം.
ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.