മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന കേസില്‍ അന്വേഷണം അവസാനിപ്പിച്ചതിൻ്റെ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ ആവശ്യം. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നടന്ന അഴിമതിയെക്കുറിച്ച് ബിജെപി വലിയ പ്രചാരണം നടത്തിയിരുന്നു. അതിനാല്‍ ബിജെപി മന്‍മോഹന്‍ സിങ്ങിനോട് മാപ്പ് പറയണമെന്നായിരുന്നു സഞ്ജയ് റാവത്തിൻ്റെ ആവശ്യം.
യുപിഎ കാലത്ത് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനിയായ നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിമാനം പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന കേസിലായിരുന്നു സിബിഐ അന്വേഷണം നടത്തി വന്നിരുന്നത്. സംഭവത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വിമാനം പാട്ടത്തിന് നല്‍കുമ്പോള്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ഫ്രഫുല്‍ പട്ടേല്‍ ആയിരുന്നു യുപിഎ മന്ത്രി സഭയില്‍ വ്യോമയാന വകുപ്പ് മന്ത്രി.
‘അജ്ഞാതരായ വ്യക്തികളുമായി ഗൂഢാലോചന നടത്തിയാണ് പാട്ടക്കരാര്‍ തീരുമാനമെടുത്തതെന്നും ഇത് സ്വകാര്യ കമ്പനികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുകയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു എന്നായിരുന്നു എഫ്‌ഐആറിലെ സിബിഐ ആരോപണം. തീരുമാനമെടുത്തത് സത്യസന്ധതയില്ലായ്മയാണെന്നും ഏറ്റെടുക്കല്‍ പരിപാടി നടക്കുന്നതിനിടെയാണ് വിമാനം പാട്ടത്തിന് നല്‍കിയതെന്നും സിബിഐ ആരോപിച്ചിരുന്നു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന് ശേഷമാണ് നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചത്