ന്യൂഡല്‍ഹി: ബി.ജെ.പി. ജനാധിപത്യത്തെ തകര്‍ക്കുന്നു എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. എല്ലാ പി.സി.സി. അധ്യക്ഷന്മാര്ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലറയച്ചു. ശനിയാഴ്ച സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ റാലികളും ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പ്രകടനവും നടത്തും. പ്രക്ഷോഭം തുടരാനും നിര്‍ദേശമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ ആദായ നികുതി റിട്ടേണുകളിലെ ക്രമക്കേടിന്റെ പേരില്‍ 1823.08 കോടി കൂടി ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട് ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. 2018-19 കാലത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെയടക്കം പേരില്‍ 103 കോടി പിഴയും പലിശയും അടക്കം 135 കോടി നേരത്തെ ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിലാണ് 1823 കോടി കൂടി അടക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മിക്ക സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പണമില്ലെന്ന് ആവശ്യപ്പെടുന്നതിന് ഇടയിലാണ് പുതിയ സംഭവം.
പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിക്കലുമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും അടക്കം ആശങ്ക ഉന്നയിക്കുന്നതിനിടയിലാണ് ഐ.ടി. വകുപ്പിന്റെ പുതിയ നോട്ടീസിന്റെ വിവരവും വരുന്നത്.