തലശ്ശേരി: ആർ.എസ്.എസ്. പ്രവർത്തകൻ്റെ വീട്ടിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിലെ രണ്ട് വീടുകളിൽ നിന്നാണ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരിക്കുന്നത്. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ഇയാളുടെ ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.
സംഭവത്തിനുശേഷം പ്രമോദ് ഒളിവിലാണ്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഒരു വീട്ടിൽ ഇയാളുടെ ഭാര്യയാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, സബ് ഇൻസ്പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.