കോഴിക്കോട്: കോണ്‍ഗ്രസിന്റെ നിര്‍ജീവിതയ്ക്കുള്ള ഉദാഹരണമാണ് എകെ ആന്റണിയെന്ന് എം.എൻ. കാരശ്ശേരി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ അനില്‍ ആന്റണിക്കെതിരെ എ.കെ ആന്റണി പ്രചരണത്തിന് ഇറങ്ങണമെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി മകൻ അനിൽ മത്സരിക്കുന്ന പത്തനംതിട്ടയില്‍ മാത്രം ആൻ്റണി പോകണം. അതിന്റെ ഇഫക്ട് 20 മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് കാരശ്ശേരി പറഞ്ഞു.
“നേതാവാണോ എ കെ ആന്റണി. പത്തനംതിട്ടയില്‍ അനില്‍ ആന്റണി മത്സരിക്കുമ്പോള്‍ അദ്ദേഹം അവിടെ പോയി പ്രസംഗിക്കണ്ടേ. ഇവിടുത്തെ ഗാന്ധിയനാണ് ആന്റണി. കള്ളുകുടിക്കില്ല. പുകവലിക്കില്ല, ഇറച്ചിയും മീനും കഴിക്കില്ല. ഇതൊക്കെ ശരിയാണ്. ഇരുപത്തിയെട്ട് വര്‍ഷം രാജ്യസഭാ എംപിയായിരുന്നയാളാണ് എ.കെ. ആന്റണി. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. പ്രധാനമന്ത്രിയായില്ലന്നേയുള്ളൂ. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി എന്താണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങണ്ടേ? മകന്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ എ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണം. 20 ലോക്‌സഭാ മണ്ഡലത്തിലും പോകണ്ട. ഒറ്റ മണ്ഡലത്തില്‍ പോയാല്‍ മതി. അതിന്റെ എഫക്ട് 20 മണ്ഡലങ്ങളിലും ഉണ്ടാവും.” – എംഎന്‍ കാരശ്ശേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിര്‍ജീവിതക്കുള്ള ഉദാഹരണമാണ് എകെ ആന്റണി. പത്മജക്കും അനില്‍ ആന്റണിക്കും എന്തെങ്കിലും കിട്ടിയത് അവരുടെ ഗുണം കൊണ്ടല്ല. അവര്‍ പോയ വകയില്‍ ആരും കോണ്‍ഗ്രസ് വിട്ടിട്ടില്ല. ആകെയുള്ള മേല്‍വിലാസം അവരുടെ പിതാക്കന്മാരാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് വരണമെന്ന് താനടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കാരശ്ശേരി വ്യക്തമാക്കി.
‘ഞാന്‍ കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസുകാരന്റെ മകനായി ജനിച്ചുവളര്‍ന്നയാളാണ്. മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ അതില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയയാളാണ്. ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്നു. പക്ഷെ, ഈ സാഹചര്യത്തിൽ ഞാനടക്കമുള്ളവര്‍ കോണ്‍ഗ്രസ് തിരിച്ചുവരണം എന്നാഗ്രഹിക്കുന്നു. ഭരണകക്ഷിയായിട്ടോ ശക്തമായ പ്രതിപക്ഷമായോ കോണ്‍ഗ്രസ് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.’ -കാരശ്ശേരി റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.