തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള (സിഎഎ) പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസിൽ ശനിയാഴ്ച സർക്കാർ വിശദീകരണം നൽകുമെന്നാണ് വിവരം. മാര്‍ച്ച് 14ന് വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതെന്നാകും തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുക.
കേസ് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരേ സംസ്ഥാന ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തീരുമാനം പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും വർഗീയ ധ്രൂവീകരണം ഉണ്ടാക്കുമെന്നും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. തുടർന്നാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
സംസ്ഥാനത്ത് സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട്സ ർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സിഎഎയ്ക്ക് എതിരായ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.