പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിനു ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി എന്നതാണ് പൊലീസിനു മുന്നിലെ പ്രധാനചോദ്യം. ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസമാണ് പൊലീസിനുള്ളത്.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽനിന്ന് ശേഖരിച്ചു. മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമം. ഈ സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കാൻ തീരുമാനിച്ചത്.
Read also: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍