യുപിയില്‍ മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ല, ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്‍സാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. വയറുവേദന മൂലവും ഛര്‍ദ്ദിയും രൂക്ഷമായതിനെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരിയെ ആശുപത്രിയിലെത്തിച്ചത്. തന്നെ കൊലചെയ്യാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയും മുക്താര്‍ അന്‍സാരി സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ചുഡോക്ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയമെന്നുമാണ് റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലില്‍നിന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഉടന്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കിയില്ലെന്നും അന്‍സാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. അന്‍സാരിയുടെ ഇളയമകന്‍ ഉമര്‍ അന്‍സാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വന്‍സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മുക്താര്‍ അന്‍സാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തും. ഡല്‍ഹി എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് മകന്‍ ഉമര്‍ അന്‍സാരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉമറിന്റെ ആവശ്യം നിരസിക്കപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന സംശയം ദുരീകരിക്കാന്‍ കോടതി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ഉമര്‍ പറഞ്ഞു.
തങ്ങളുടെ നിയമ സംഘവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഇത് സ്വാഭാവിക മരണമല്ലെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും ഉമര്‍ ആവര്‍ത്തിച്ചു. മൗ സദാര്‍ സീറ്റില്‍നിന്ന് 5 തവണ എംഎല്‍എയായിരുന്ന അന്‍സാരി അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. മരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപ്പുര്‍, വാരാണസി എന്നിവിടങ്ങളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.