ഭോപ്പാൽ: ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ണുതള്ളിപ്പോകുന്ന വാഗ്ദാനവുമായി ഭർത്താവ്. ഭാര്യ വിജയിച്ചാൽ ഓരോ വോട്ടർക്കും 16 ലക്ഷം രൂപ വീതം നൽകുമെന്നാണ് വമ്പൻ ഓഫർ. മധ്യപ്രദേശിലെ ജബൽപൂരിൽ ജനവിധി തേടുന്ന ശശി സലാലസിന്റെ വിജയത്തിനുവേണ്ടിയാണ് ഭർത്താവ് സ്റ്റാൻലി ലൂയിസ് അരയും തലയും മുറുക്കി രംഗത്തുള്ളത്.
മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ശശി മത്സരിക്കുന്നത്. സ്റ്റാൻലി തന്നെയാണ് ഇവർക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളത്. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാളു കൂടുന്ന സ്ഥലത്തെത്തിയാൽ സ്റ്റാൻലി ആ സർപ്രൈസ് ഓഫർ പ്രഖ്യാപിക്കും; ഭാര്യയെ വിജയിപ്പിച്ചാൽ ഓരോ വോട്ടർക്കും താൻ 20,000 മില്യൻ ഡോളർ(ഏകദേശം 16 ലക്ഷം രൂപ) നൽകുമെന്ന്.
അതേസമയം, വിചിത്രകരമായ അവകാശവാദങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണു സ്വയം അവകാശവാദം. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായും പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാർക്കറ്റിൽ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ബി.ജെ.പി കോട്ടയാണ് ജബൽപൂർ. 1996 മുതൽ ഇതുവരെ ബി.ജെ.പി സ്ഥാനാർഥികൾ മാത്രമേ മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളൂ. 2004 മുതൽ 2023 വരെ മണ്ഡലം നാലുതവണ തുടർച്ചയായി ഇവിടെനിന്നു പാർലമെന്റിലെത്തിയത് നിലവിലെ മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാകേഷ് സിങ് ആണ്.
Read more : ബി.ജെ.പി വനിതാ സ്ഥാനാർത്ഥിക്ക് നേരെയുള്ള വിവാദ പരാമർശം : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വെട്ടിൽ
2023ൽ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജബൽപൂർ വെസ്റ്റിൽനിന്നു വിജയിച്ച് ഇദ്ദേഹം നിയമസഭയിലെത്തി. മോഹൻ യാദവ് സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയുമായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4,54,744 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജബൽപൂരിൽനിന്ന് രാകേഷ് കോൺഗ്രസിന്റെ വിവേക് കൃഷ്ണ തങ്കയെ തകർത്തത്. മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം കൂടിയായിരുന്നു ഇത്. യുവനേതാവ് ആശിഷ് ദുബേയെയാണ് ഇത്തവണ രാകേഷ് സിങ്ങിന്റെ പിൻഗാമിയായി ബി.ജെ.പി മത്സരത്തിനിറക്കിയിരിക്കുന്നത്. ദിനേശ് യാദവ് ആണ് കോൺഗ്രസ് സ്ഥാനാർഥി.