ഇ പോസ് മെഷീന്‍ തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെര്‍വര്‍ തകരാരിലായതാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈ മാസത്തെ അരി പല റേഷന്‍ കടകളിലും എത്തിയത് ബുധനാഴ്ചയാണ്.
കഴിഞ്ഞ രണ്ടുദിവസവും പൊതു അവധിയായതിനാല്‍ ഇന്ന് റേഷന്‍ വാങ്ങാന്‍ പൊതുജനം കൂട്ടത്തോടെ കടകളിലേക്ക് എത്തുകയായിരുന്നു. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. റേഷന്‍ കാര്‍ഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏപ്രില്‍ മാസം ആറാം തീയതി വരെ ഈ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
അടുത്തടുത്തു വരുന്ന ആഘോഷ ദിവസങ്ങളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ കാട്ടി പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഭാരത് അരിയും കെ. അരിയുമെല്ലാം രാഷ്ട്രീയ സ്റ്റണ്ടാക്കി മാറ്റിയവര്‍ ഇപ്പോള്‍ സാധാരണക്കാരന്റെ റേഷന്‍ വിതരണവും തകര്‍ത്തിരിക്കുന്നു.