മദ്രസ അധ്യാപകന്‍ റിയാസ് മൗലവിക്കേസ്: വിധികേട്ട് പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ

നീതി കിട്ടിയില്ലെന്നും പ്രതികരണം

മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ വിധികേട്ട് പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ. കേസില്‍ പ്രതികളായ മൂന്ന് പേരെയും വെറുതെവിട്ടുകൊണ്ടാണ് കോടതി വിധി വന്നത്. കോടതി നടപടിയില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ഇവര്‍ പൊട്ടിക്കരഞ്ഞത്. കോടതിയില്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും നീതി കിട്ടിയില്ലെന്നും സൈദ പറഞ്ഞു. ഇപ്പോള്‍ എന്ത് പറയണമെന്നറിയില്ലെന്നും പറഞ്ഞു സൈദ പൊട്ടിക്കരയുകയായിരുന്നു.

അതേസമയം വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കും . പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും കേസില്‍ ഇടപെട്ടിരുന്ന ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു.

വിധിയില്‍ നിരാശയുണ്ടെന്നും ഡി.എന്‍.എ തെളിവിനു പോലും വില കല്പിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായയതെന്നും പബ്ലിക് പോസിക്യൂട്ടര്‍ അഡ്വ ഷാജിത്ത് പ്രതികരിച്ചു.

കേസില്‍ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നു കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവം നടന്നു 3 ദിവസത്തിനകം പ്രതികളെ പിടികൂടി. കഴിഞ്ഞ 7 വര്‍ഷമായി ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ല്‍ ആണ് വിചാരണ ആരംഭിച്ചത്. 2022 ല്‍ പൂര്‍ത്തിയായി. ഇതിനകം എട്ടു ജഡ്ജിമാരുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് എത്തി.

5 ജഡ്ജിമാര്‍ വാദം കേട്ടു. വിചാരണയില്‍ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തി. കേസില്‍ കോഴിക്കോട് ബാറിലെ എം.അശോകന്‍ ആയിരുന്നു ആദ്യ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അദ്ദേഹം അന്തരിച്ചപ്പോള്‍ ടി.ഷാജിത്ത് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായി. കേസിന്റെ തുടക്കത്തില്‍ അഭിഭാഷകനായ സി.ഷുക്കൂറാണ് പ്രോസിക്യൂഷന്‍ ഭാഗം കൈകാര്യം ചെയ്തത്. കേസില്‍ യുഎപിഎ ചുമത്തണമെന്ന് ഇദ്ദേഹമാണ് ആവശ്യപ്പെട്ടത്.