ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കാനിരിക്കെ വീണ്ടും ആദായ നികുതി വകുപ്പിന്റെ രണ്ടു നോട്ടിസുകള്‍ കൂടി കോണ്‍ഗ്രിസിന് കിട്ടിയിരിക്കുകയാണ്. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിറകേയാണ് പുതിയ രണ്ടു നോട്ടിസുകള്‍ കൂടി ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. ‘ടാക്‌സ് ടെററിസ’ത്തിന്റെ ലക്ഷ്യം കോണ്‍ഗ്രസാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തളര്‍ത്താനാണ് മോദിയുടെ ശ്രമമെന്നും ജയറാം രമേശ് പറഞ്ഞു. 2020-21, 2021-22 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസ്.
ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ നോട്ടിസുകളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി കോടതി തള്ളി. ഇതിനു പിറകേയാണ് ആദായനികുതി വകുപ്പ് 1800 കോടി രൂപയുടെ നോട്ടിസ് അയച്ചത്. നടപടിയെ ബിജെപി സര്‍ക്കാരിന്റെ ‘ടാക്‌സ് ടെററിസം’ എന്നുവിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു.
ഭരണമാറ്റമുണ്ടാകുമ്പോള്‍ ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടൊരിക്കലും ഇത്തരം നീചമായ പ്രവൃത്തിചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ നടപടിയെടുക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ബിജെപി നികുതി ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവരില്‍ നിന്ന് 4600 കോടി രൂപ നികുതി ഈടാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് നോട്ടിസ് അയച്ച സംഭവത്തില്‍ ഏപ്രില്‍ ഒന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയില്‍ വാദിക്കും. ഒപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം.
കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം. എന്നാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുകളിലാണ് തങ്ങളെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നികുതി നല്‍കാതെ ഇരവാദം നടത്താമെന്നാണ് അവര്‍ കരുതുന്നതെന്നും പൂനവാല പറയുന്നു.
സാധാരണക്കാര്‍ നികുതി നല്‍കുന്നു. പക്ഷെ കോണ്‍ഗ്രസ് സ്വയം തങ്ങള്‍ വിവിഐപികളുടെ പട്ടികയില്‍പ്പെടുത്തി നികുതി തരാന്‍ മടിക്കുന്നു. രാജ്യത്തെ സംവിധാനങ്ങളെ ആക്രമിക്കുന്ന തലത്തിലേക്ക് കോണ്‍ഗ്രസ് എത്തി. ഇത് കോണ്‍ഗ്രസിന്റെ നൈരാശ്യം എത്രത്തോളമാണെന്നാണ് കാണിക്കുന്നത്. അവരുടെ എംപിയായ ധീരജ് സഹുവില്‍ നിന്ന് 350 കോടി രൂപയാണ് കണ്ടെടുത്തത്. അവര്‍ക്ക് പണമല്ല ഇല്ലാത്തത്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതാക്കളും ലക്ഷ്യവുമാണ് ഇല്ലാത്തതെന്നും പൂനവാല പറഞ്ഞു.
അതേസമയം, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി ലഭിച്ചിരിക്കുകയാണ്. നാളെയാണ് ഇന്ത്യ സഖ്യത്തിന്റെ റാലി. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും റാലിയില്‍ പങ്കെടുക്കും. മമത ബാനര്‍ജിയും എംകെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഈ റാലിയില്‍ നരേന്ദ്രമോദിയെയും ബി.ജെ.പിയുടെ ടാക്‌സ് ടെററിസത്തെയും നേതാക്കള്‍ അപലപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് വീണുകിട്ടിയ ഒരു അവസരമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.