യുജിസി വിലക്കിയിട്ടും എംജി സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു: SFI ക്കാര്‍ക്ക് പിന്‍വാതില്‍ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാനുള്ള നീക്കം തടയണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

മലയാളം സര്‍വ്വകലാശാലയും നെറ്റ് യോഗ്യതയുള്ളവരെ ഒഴിവാക്കി പിഎച്ച്ഡിക്ക് പ്രവേശനം നല്‍കിയതായി പരാതി

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി എം.ജി സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നത് പിന്‍വാതില്‍ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകല്‍ തുടരാനെന്ന് ആക്ഷേപം. യുജിസിയുടെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയ തലത്തില്‍ ഏകീകരിച്ചുകൊണ്ട്, വിവിധ സര്‍വകലാശാലകള്‍ സ്വന്തമായി നടത്തുന്ന പ്രവേശന പരീക്ഷകള്‍ വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് എം.ജി. യൂണിവേഴ്‌സിറ്റിയുടെ ഈ നടപടി.

വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകള്‍ പിഎച്ച്ഡി പ്രവേശന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന അനുമാനത്തിലാണ് പിഎച്ച്ഡി പ്രവേശനത്തിന് യുജിസി പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ജെ.ആര്‍.എഫ് നല്‍കി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും, അസിസ്റ്റന്റ് പ്രൊഫസര്‍ ആകുവാനുള്ള അവസരവും യുജിസി വിഭാവനം ചെയ്യുന്നു. തൊട്ടടുത്ത വിഭാഗത്തില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ ആകുവാനും പിഎച്ച്ഡി പ്രവേശനത്തിനും അവസരം ലഭിക്കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂന്നാമതൊരു വിഭാഗം നെറ്റ് യോഗ്യത നല്‍കിക്കൊണ്ട് പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അവസരം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഏറ്റവും സവിശേഷമായ പ്രത്യേകത. ഗവേഷണ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്‌കോര്‍ അനുസരിച്ച് ആയിരിക്കണം ഗവേഷകര്‍ക്ക് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കേണ്ടതെന്നും യുജിസി വിസിമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നെറ്റ് സ്‌കോറിനോടൊപ്പം 30 ശതാമാനം മാര്‍ക്ക് ഇന്റര്‍വ്യൂവിന് നല്‍കിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്ന് യുജിസി യുടെ ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായാണ് മുന്‍വര്‍ഷങ്ങളിലെ പോലെ പ്രത്യേക പ്രവേശനപരീക്ഷ നടത്താന്‍ എം.ജി. സര്‍വകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍വ്വകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1544 ഒഴിവുകളാണ് ഉള്ളത്. നെറ്റ് യോഗ്യത നേടിയവര്‍ക്ക് പിഎച്ച്ഡി പ്രവേശനത്തിന് മുന്‍ഗണന നല്‍കണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്‌കൃത സര്‍വ്വകലാശാലകള്‍ പ്രവേശനം നല്‍കിയതായും പരാതികളുണ്ട്.

സര്‍വ്വകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകള്‍ ഉപയോഗിച്ചാണ് SFI വിദ്യാര്‍ഥിനേതാക്കള്‍ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നതെന്നും, പിന്‍വാതില്‍ പിഎച്ച്ഡി പ്രവേശനം തടയാന്‍ സഹായകമായ യുജിസിയുടെ പുതിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ എല്ലാ വിസി മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.