പത്തനംതിട്ട: സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസകിനു താക്കീത്. ജില്ലാ വരണാധികാരിയാണു നിർദേശം നൽകിയത്. യു.ഡി.എഫ് നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി വ്യക്തമാക്കി.
ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണു നിർദേശിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ പരാതിയിൽ തോമസ് ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
Read more : ഓൺലൈൻ സ്റ്റോക് മാർക്കറ്റ് തട്ടിപ്പ് : റെയിൽവേ ഉദ്യോഗസ്ഥന് 40 ലക്ഷം നഷ്ടമായി
കുടുംബശ്രീയുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യം, സർക്കാർ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴിൽ വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയർത്തിയത്. പരാതിയിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കാണിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ നോട്ടിസ് നൽകി. തുടർന്ന് ഐസക് വിശദീകരണം നൽകിയിരുന്നു.
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഐസക് വാദിച്ചത്. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുണ്ട്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികൾ യു.ഡി.എഫിനെ അലട്ടുകയാണെന്നും അതിന്റെ ഭാഗമായാണു പരാതിയെന്നും ഐസക് കുറ്റപ്പെടുത്തി.