കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഡിപിഐ മത്സരിക്കില്ല. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സുചനകൾ. എസ്ഡിപിഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് പറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന വൻ തുക കണ്ടെത്താന്‍ സംഘടനയ്ക്ക് ശേഷിയില്ലാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേയ്ക്ക് ദേശീയ നേതൃത്വത്തെ എത്തിച്ചതെന്നാണ് സൂചനകൾ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. നേരത്തെ ജില്ല കമ്മിറ്റികള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റിന് നൽകിയിരുന്നത്.
അതേസമയം, രാജ്യത്ത് 60 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ ഡിണ്ടിഗല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. സിപിഐഎമ്മാണ് ഇവിടെ എസ്ഡിപിഐയുടെ എതിരാളി. തമിഴ്നാട്ടിലെ മൂന്നു മുന്നണികളിലെയും പ്രധാനപാര്‍ട്ടികൾ ഇത്തവണ ഡിണ്ടിഗല്‍ സീറ്റ് സഖ്യകക്ഷികൾക്കാണ് നൽകിയത്. കോൺഗ്രസും മുസ്ലീം ലീഗും ഉൾപെടുന്ന ഡിഎംകെ മുന്നണി സീറ്റ് സിപിഎമ്മിനും ബിജെപി പിഎംകെയ്ക്കുമാണ് നൽകിയത്.
കഴിഞ്ഞ തവണ ഡിഎംകെ അഞ്ച് ലക്ഷം വോട്ടിന് അണ്ണാ ഡിഎംകെ സഖ്യത്തിലെ പിഎംകെയെ പരാജയപ്പെടുത്തിയ മണ്ഡലമാണിത്.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ മത്സരിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് കോയമ്പത്തൂർ ഡിഎംകെ ഏറ്റെടുത്ത് പകരം ഡിണ്ടിഗല്‍ സീറ്റ് സിപിഎമ്മിന് കൈമാറുകയായിരുന്നു. സിറ്റിങ് സീറ്റായ തൊട്ടടുത്ത മധുരൈ മണ്ഡലത്തിലും സിപിഎം മത്സരിക്കുന്നുണ്ട്.