തിരുവനന്തപുരം: സിഎഎ, മണിപ്പൂർ വിഷയങ്ങളിലെ ബിജെപിയുടെ നിലപാടിനെതിരെ ക്രൈസ്തവ സഭകൾ. മണിപ്പൂരിലും ഉത്തരേന്ത്യയിലും അടക്കം ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനം വിശ്വാസികള്‍ തിരിച്ചറിയണമെന്നാണ് ലത്തീന്‍സഭയും, സിറോ മലബാര്‍ സഭയും ആഹ്വാനം നൽകുന്നത്.
സംരക്ഷണം ഒരുക്കേണ്ട ഔദ്യോഗികപക്ഷം പൗരത്വ നിയമഭേദഗതിയിലൂടെ ഭിന്നിപ്പിന് ശ്രമിക്കുന്നതായും സഭ ആരോപിച്ചു.സഭാ നേതൃത്വം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ബിജെപിയെന്നും സഭ കുറ്റപ്പെടുത്തി.
അതേസമയം, ഇത്തവണ എല്ലാ മുന്നണികളുടേയും തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട ന്യൂനപക്ഷ സംരക്ഷണമാണ്. കഴിഞ്ഞതവണ ക്രൈസ്തവ- മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട ഇടതുമുന്നണി ഇത്തവണ അവ പോക്കറ്റിലാക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സഭകളുടെ ആഹ്വാനം.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വിഷയമായി സിഎഎഇടതു വലത് മുന്നണികൾ പ്രചരണ ആയുധമാക്കി ഇതിനോടകം മാറ്റിയിട്ടുണ്ട്. അതിലൂടെ മുസ്‌ലിം വോട്ട് ബാങ്കുകള്‍ ലക്ഷ്യം വെക്കുന്ന മുന്നണികള്‍ ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളും സംസ്ഥാനത്ത് ഉയർത്തിക്കാട്ടുന്നുണ്ട്.