ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോട്ടിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചു. നിലവിൽ ഡൽഹി സർക്കാരിൽ ആഭ്യന്തരം, ഗതാഗതം, നിയമം എന്നിവയുടെ മന്ത്രിയാണ് ഗഹ്‌ലോട്ട്. ഗഹ്‌ലോട്ട് ഇതിനകം അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് സമൻസ് വരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താനും കേസിൽ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാനും കൈലാഷ് ഗഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതി നടത്തിയെന്നാണ് കേസ്.
ചില്ലറ കച്ചവടക്കാർക്ക് ഏകദേശം 18 ശതമാനവും മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനവും ഉയർന്ന ലാഭം ഈ പോളിസി നൽകിയെന്ന് ഇഡി അവകാശപ്പെടുന്നു. അതിൽ ആറ് ശതമാനം കൈക്കൂലിയായി കണ്ടെടുത്തുവെന്നും ഈ പണം ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചുവെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്.
Read more : മഴ കനിഞ്ഞില്ല ; ഒമ്പത് ജില്ലകളില്‍ ചൂട് കൂടും : മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കളാണ് നിലവിൽ അറസ്റ്റിലുള്ളത്. എഎപി എംപി സഞ്ജയ് സിംഗ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് മറ്റ് രണ്ട് പേർ. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിതയും ഡൽഹി മദ്യനയ കേസിൽ ജയിലിലാണ്.