പൊതു സ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യരുത്, നിങ്ങളുടെ വിവരങ്ങൾ ചോർന്നേക്കാം; ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ മുന്നറിയിപ്പ്. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് വിവരം. ‘ജൂസ് ജാക്കിങ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിങ് രീതിയെ വിളിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാർജിങ് പോയിന്റുകൾ വഴി ഉപകരണങ്ങളിൽ നിന്ന് ഹാക്കർമാർ ഡാറ്റ ചോർത്തുന്ന രീതിയാണിത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിനായി ഇവർ ഉപയോഗിക്കും. ചാർജിങിന് വേണ്ടി നൽകുന്ന യുഎസ്ബി പ്ലഗുകളിൽ ഇതിനായി കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാം. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജിങ് പോയിന്റുകളിൽ വെച്ച് ഇവർ മാറിയിരിക്കുന്നുണ്ടാവാം. ഈ ചാർജർ കേബിളിൽ ഉപകരണം ബന്ധിപ്പിച്ചാൽ ഹാക്കർമാർക്ക് ഒരു ഇരയെ ലഭിക്കും. ചാർജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിൾ തന്നെയാണ്. ഈ സാധ്യതയാണ് കുറ്റവാളികൾ മുതലെടുക്കുന്നത്.

ബാങ്കിങിനായി ഉപയോഗിക്കുന്ന പാസ്വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു. കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയില്ല. ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം. ചാർജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം. ചാർജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.

www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം.