തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആര്‍എല്‍വി രാമകൃഷ്ണനാണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമക്കെതിരെ ചുമത്തിയത്.
യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ സത്യഭാമ, തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ളവരായിരിക്കണം, എന്നിങ്ങനെയായിരുന്നു പരാമര്‍ശം.
ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറി. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.