ബംഗളൂരു: ബിജെപിയുടെ കർണാടക പ്രചരണ പോസ്റ്ററിൽ കേരളത്തിലെ ഇടതുമുന്നണി നേതാക്കൾ. കേരളത്തിലെ ഘടകകക്ഷിയായ ജെഡിഎസ് നേതാക്കളായ ചിറ്റൂർ എംഎൽഎയും മന്ത്രിയുമായ കൃഷ്ണൻകുട്ടിയും തിരുവല്ല എംഎൽഎയും ജെഡിഎസ് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസുമാണ് ആണ് ബിജെപി യുടെ പോസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച ബംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. അതേസമയം, കേരളത്തിലെ ജെഡിഎസ് നേതൃത്വവും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.
ബംഗളുരു റൂറലിൽ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് ഇടതു മുന്നണി നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസ്സിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണെന്നാണ് അവകാശവാദം. എന്നാൽ ഇതുവരെ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല. എംഎൽഎ സ്ഥാനം കൂറുമാറ്റ നിയമപ്രകാരം നഷ്ടപ്പെടുമെന്നതിനാൽ കേരളത്തിലെ നേതാക്കളും ഔദ്യോഗികമായി ദേശീയ നേതൃത്വത്തെ തള്ളി പറഞ്ഞിട്ടില്ല.
കൂറുമാറ്റ നടപടി ഒഴിവാക്കാന്‍ മാത്യു.ടി തോമസും കെ.കൃഷ്ണന്‍കുട്ടിയും പാർട്ടിയിൽ തുടരുകയാണ് . ഇവർ നിലവിലും ജെഡിഎസ് എംഎല്‍എമാരായി കേന്ദ്രനേതൃത്വത്തില്‍ തുടരുകയാണ്. ജോസ് തെറ്റയില്‍, നീലലോഹിതദാസന്‍ നാടാര്‍, സഫറുള്ള എന്നിവര്‍ ദേശീയ ഭാരവാഹിത്വം രാജിവെച്ചെന്നാണ് സൂചനകൾ.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവുമായുള്ള ബന്ധം ഭാഗികമായി വേര്‍പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും ജെഡിഎസ് കേരളഘടകം സാങ്കേതികമായി അഖിലേന്ത്യാ പാര്‍ട്ടിയുടെ ഭാഗമാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യംചേര്‍ന്ന് മത്സരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ജെഡിഎസ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് ജെഡിഎസില്‍ ഉരുള്‍പൊട്ടലിന് കാരണമായി. പാര്‍ട്ടിയുടെ കര്‍ണാടക ഘടകം പ്രസിഡന്റ് സി.എം.ഇബ്രാഹിം ഉള്‍പ്പെടെയുള്ള വന്‍നിര പാര്‍ട്ടി വിട്ടിരുന്നു. എന്‍ഡിഎയ്ക്ക് ഒപ്പം ചേരാനുള്ള ജെഡിഎസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം നേരത്തെ തള്ളിയിരുന്നു.