ന്യൂഡൽഹി: ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷട്രപതി ദ്രൗപതി മുർമു. അഞ്ച് പേർക്കാണ് ഭാരതരത്‌ന പുരസ്‌കാരം. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവും കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രിമാരായ പി.വി നരംസിഹ റാവു, ചൗധരി ചരൺ സിങ്, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ എന്നിവർക്കാണ് പുരസ്‌കാരം.
ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽ നിന്നും സ്വാമിനാഥന്റെ മകൾ നിത്യ റാവു, നരസിംഹ റാവുവിന്റെ മകൻ പി.വി പ്രഭാകർ റാവു, ചൗധരി ചരണ്‍ സിങ്ങിന്റെ മകന്‍ ജയന്ത് ചൗധരി, കർപ്പൂരി താക്കൂറിന്റെ മകൻ രാം നാഥ് താക്കൂർ എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നാലു പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ വസതി സന്ദർശിച്ച് അദ്ദേഹത്തിന്റെ പുരസ്‌കാരം നൽകുമെന്നാണ് വിവരം. അദ്വാനിയുടെ ആരോഗ്യസ്ഥി കണക്കിലെടുത്താണ് ഈ തീരുമാനം. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്വാനി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.
ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ളവർ പങ്കെടുത്തു.