ന്യൂഡൽഹി: ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പേരിലുള്ള കേസുകളെല്ലാം ഒഴിവാക്കുന്നതിനെ പരിഗസിച്ച് കോൺഗ്രസ്. വാർത്താസമ്മേളനത്തിൽ വാഷിങ് മെഷീനുമായെത്തിയാണ് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പരിഹാസം. എൻസിപി മുൻ നേതാവ് പ്രഫുൽ പട്ടേലിനെതിരായ 2017ലെ എയർ ഇന്ത്യ അഴിമതി കേസ് അവസാനിപ്പിച്ച് കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോൺഗ്രസ് പരിഗസം.
കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വാഷിങ് മെഷീനുമായി എത്തിയത്. കൂടാതെ അഴിമതിയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ടി-ഷർട്ടും അദ്ദേഹം ഉയർത്തിക്കാണിച്ചു. ബി.ജെ.പിയുടെ വാഷിങ് മെഷീനിൽ അലക്കിയാൽ ഇത് വൃത്തിയാകുമെന്നും പവൻ ഖേരെ പറഞ്ഞു.
‘ബി.ജെ.പിയിൽ ചേരൂ, കേസ് അവസാനിപ്പിച്ചു’ എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന പൂർണ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ പോലെയാണ് ബിജെപിയുടെ നിലപാടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.ഈ വാഷിങ് മെഷീന്റെ തുക 8500 കോടിയിലധികമാണ്. ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ഈ പണം ലഭിച്ചത്. ‘മോദി വാഷിങ് പൗഡറുമായി’ ഉപയോഗിക്കുമ്പോൾ അഴിമതിക്കറ ഫലപ്രദമായി വൃത്തിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്ക് മോദി വാഷിങ് പൗഡർ എന്ന ലഘുലേഖയും വിതരണം ചെയ്തു. അതിൽ പ്രധാനമന്ത്രിയുടെ ചിത്രവും എല്ലാ കറകളും ഒറ്റയടിക്ക് കഴുകിക്കളയുമെന്ന വാചകവും രേഖപ്പെടുത്തിയിരുന്നു,