ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്‍റെ സീറ്റു വിഭജനം പൂര്‍ത്തിയായി; ആർ.ജെ.ഡിക്ക് 26, കോൺഗ്രസിന് 9

പട്ന: ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്‍റെ സീറ്റു വിഭജനം പൂര്‍ത്തിയായി. 40 സീറ്റുകളിൽ 26 എണ്ണവും ആർജെഡി സ്വന്തമാക്കി. 9 സീറ്റ്‌ കോൺഗ്രസിനും 3 സീറ്റ് സിപിഐ (എംഎൽ) നും ലഭിച്ചു. സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു.

കിഷൻഗഞ്ച്, കതിഹാർ, ഭാഗൽപുർ, മുസഫർപുർ, സമസ്തിപുർ, പശ്ചിം ചമ്പാരൻ, പട്ന സാഹിബ്, സസാറാം, മഹാരാജ് ഗഞ്ച് എന്നിവയാണ് കോൺഗ്രസിനു ലഭിച്ച മണ്ഡലങ്ങൾ. കോണ്‍ഗ്രസ്‌ നേതാക്കളായ കനയ്യ കുമാർ, പപ്പു യാദവ് എന്നിവർക്ക് സീറ്റുകളൊന്നും കിട്ടിയില്ല.

കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി മണ്ഡലം സിപിഐ ചോദിച്ചു വാങ്ങുകയായിരുന്നു. പപ്പു യാദവിനു ജയസാധ്യതയുള്ള പുർണിയ, മധേപുര, സുപോൽ മണ്ഡലങ്ങൾ ആർജെഡി കയ്യടക്കി. പുർണിയ മണ്ഡലത്തിൽ പപ്പു യാദവ് വിമത സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യതയുണ്ട്.