പാലക്കാട്: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. സംസ്ഥാനത്തെ ഉയർന്ന താപനില ശരാശരി 37.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയതും പൊള്ളുന്ന ചൂടിന്റെ തെളിവാണ്. സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി, 40 °C ചൂട്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, പാലക്കാട് ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്.