ജംഷഡ്പൂരിനോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്; പ്ലേ ഓഫിന് ഇനിയും കാത്തിരിക്കണം

ലഖ്‌നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ 45-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോയിലൂടെ ജംഷേദ്പുര്‍ സമനില പിടിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചെങ്കിലും പന്തടക്കത്തിലും മുന്നേറ്റത്തിലും ജംഷഡ്പൂരായിരുന്നു മുന്നിൽ. എന്നാൽ ഡയമന്റകോസിന്റെ ഫിനിഷിങ് പാടവം രക്ഷയാകുകയിരുന്നു. ബോക്‌സിന് പുറത്തുനിന്ന് ഇമ്മാനുവൽ ജസ്റ്റിൽ നൽകിയ പാസ് ഗ്രീക്ക് താരം വലയിലേക്ക് തട്ടിയിട്ടു. 45ാം മിനിറ്റിൽ യുവതാരം ജാവിയർ സിവേരിയോയിലൂടെ സമനില പിടിച്ചു. ഏപ്രിൽ മൂന്നിന് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

സമനിലയോടെ ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. 19 കളികളില്‍ നിന്ന് 30 പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് കൂടെ നേടിയാന്‍ ഔദ്യോഗികമായി ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. മറുവശത്ത് 20 കളികളില്‍ നിന്ന് 21 പോയന്റുള്ള ജംഷേദ്പുരിന് പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള രണ്ട് കളികള്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലം കൂടി കാത്തിരിക്കണം.